കേരളം

kerala

ETV Bharat / state

വാഗ്‌ദാനങ്ങൾ യാഥാർഥ്യമാകുന്നു ; സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാൻ മന്ത്രിസഭാതീരുമാനം - science parks

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നീ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്കടുത്തായി മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാൻ മന്ത്രിസഭാതീരുമാനം

ഐസൊലേഷന്‍ വാര്‍ഡുകള്‍  സയന്‍സ് പാര്‍ക്കുകള്‍  മന്ത്രിസഭ യോഗം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മന്ത്രിസഭ തീരുമാനങ്ങള്‍  Cabinet  Cabinet decided to establish three science parks  kerala news  malayalam news  science parks  three science parks in the state
സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍

By

Published : Mar 23, 2023, 8:11 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. 200 കോടി രൂപ നിക്ഷേപത്തിലാകും ഓരോ പാര്‍ക്കുകളും സ്ഥാപിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 10 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമാണ് നിശ്ചയിച്ചിരിക്കുന്നത്. അതത് പ്രദേശത്തെ സര്‍വകലാശാലകളാകും സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്‌സിറ്റികള്‍. കണ്ണൂര്‍ സയന്‍സ്‌ പാർക്കിന്‍റെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്‌സിറ്റി കണ്ണൂര്‍ സര്‍വകലാശാലയും എറണാകുളത്തെ സയൻസ് പാർക്കിന്‍റേത് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയും തിരുവനന്തപുരത്തെ കേന്ദ്രത്തിന്‍റേത് കേരള യൂണിവേഴ്‌സിറ്റിയുമായിരിക്കും.

കിഫ്‌ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്കുകൾ സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായും മന്ത്രിസഭായോഗം തീരുമാനിച്ചു. സയന്‍സ് പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെഎസ്‌ഐടിഎല്ലിനെ ചുമതലപ്പെടുത്തി. ശാസ്‌ത്ര സാങ്കേതിക വകുപ്പിന്‍റെ എക്‌സ്‌ - ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാനായ ഒൻപത് അംഗ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്‌സ് ടീമിനെ നിയമിക്കും. അതിനുള്ള ചെലവുകള്‍ കിഫ്‌ബി ഫണ്ടില്‍ നിന്ന് നല്‍കും. 2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാതീരുമാനം.

മന്ത്രിസഭ തീരുമാനങ്ങള്‍

ഐസൊലേഷന്‍ ബ്ലോക്കിന് ഭരണാനുമതി :പകര്‍ച്ചവ്യാധി ഉള്‍പ്പടെയുള്ള രോഗബാധിതരെ ഐസൊലേഷന്‍ ചെയ്‌ത്‌ ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി. കിഫ്‌ബി ധനസഹായത്തോടെയാകും ബ്ലോക്കുകള്‍ സ്ഥാപിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബ്ലോക്കിന് 34.74 കോടി രൂപയുടേയും കോഴിക്കോട് ബ്ലോക്കിന് 34.92 കോടി രൂപയുടെയും എസ്റ്റിമേറ്റുകള്‍ക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. ഇതുവരെ നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡുകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തണമെന്നും മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.

ഭൂപരിധി ഇളവ് അപേക്ഷകള്‍ :ഭൂപരിധി ഇളവിന് 12.10.2022 ന് മുൻപുള്ള മാനദണ്ഡത്തിന് അനുസൃതമായി അപേക്ഷ നല്‍കിയതോ, സര്‍ക്കാരിന്‍റെയോ ജില്ലാതല സമിതിയുടെയോ പരിഗണനയിലുള്ളതോ ആയ കേസുകളില്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതില്ല. അത്തരത്തിലുള്ള ഓഫ് ലൈൻ അപേക്ഷകളും ഓണ്‍ലൈന്‍ അപേക്ഷകള്‍ പോലെ പരിഗണിച്ച് തീരുമാനമെടുക്കും.

തസ്‌തിക :കണ്ണൂര്‍ ഐ ഐ എച്ച് റ്റിയില്‍ ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് - 2 (പ്രോസസിങ്) (ശമ്പള സ്‌കെയില്‍ - 22200-48000), ഹെല്‍പ്പര്‍ (വീവിങ്) (ശമ്പള സ്‌കെയില്‍ - 17000 -35700) എന്നീ തസ്‌തികകള്‍ 22.10. 2001 ഉത്തരവിലെ നിബന്ധനയില്‍ ഇളവ് അനുവദിച്ച് പുനഃസ്ഥാപിച്ച് നല്‍കും.

മുന്‍കാല പ്രാബല്യം :ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫിസര്‍ കാറ്റഗറിയില്‍പ്പെട്ട ജീവനക്കാര്‍ക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശമ്പള പരിഷ്‌കരണ പ്രകാരമുള്ള അലവന്‍സുകള്‍ക്ക് 2017 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കും.

ഉപയോഗാനുമതി:ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ കൈവശമുള്ള റീസര്‍വേ നമ്പര്‍ 251/3 ല്‍പ്പെട്ട 1.03 ഏക്കര്‍ ഭൂമി റവന്യൂ ഭൂമിയാക്കി പി എച്ച് സി നിര്‍മാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു. ബി.ആര്‍.ഡി.സി. വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരമായി പള്ളിക്കര വില്ലേജിലെ പി.എച്ച്.സി.യുടെ ഉടമസ്ഥതയിലുള്ള 1.03 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാനും തീരുമാനിച്ചു.

ABOUT THE AUTHOR

...view details