കേരളം

kerala

ETV Bharat / state

New liquor policy|' കള്ള് ബ്രാന്‍ഡ് ചെയ്യാൻ 'കേരള ടോഡി', വിദേശ മദ്യവും ബിയറും സംസ്ഥാനത്ത് നിര്‍മിക്കും': പുതിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം - ബെവ്‌കോ ഔട്ട് ലെറ്റുകള്‍

പുതിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം. ഐടി പാര്‍ക്കുകകളില്‍ വിദേശ മദ്യ വിതരണത്തിന് ചട്ട ഭേദഗതി ഉടന്‍. ടൂറിസം കേന്ദ്രങ്ങളില്‍ സീസണുകളില്‍ ബിയര്‍, വൈന്‍ വില്‍പ്പന. 250 ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറക്കാന്‍ നടപടി. കേരള ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും.

New liquor policy  Cabinet approves New liquor policy  വിദേശ മദ്യവും ബിയറും ഇനി സംസ്ഥാനത്ത് നിര്‍മിക്കും  പുതിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം  മന്ത്രിസഭ അംഗീകാരം  മന്ത്രിസഭ  Cabinet news updates  latestes Cabinet news  ബെവ്‌കോ ഔട്ട് ലെറ്റുകള്‍  കേരള ടോഡി
പുതിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം

By

Published : Jul 26, 2023, 3:58 PM IST

തിരുവനന്തപുരം:വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യ നയത്തിന് അംഗീകാരം നല്‍കി മന്ത്രി സഭ യോഗം.

പുതുക്കിയ മദ്യ നയത്തിന്‍റെ സവിശേഷതകള്‍:വിദേശ വിനോദ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്‍റുകള്‍ക്ക് ടൂറിസം സീസണുകളില്‍ ബിയര്‍, വൈന്‍ വില്‍പ്പന നടത്താന്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കും. ഐടി പാര്‍ക്കുകളില്‍ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ട ഭേദഗതി പുരോഗമിക്കുകയാണ്. ഐടി സമാന പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിനും ലൈസന്‍സ് അനുവദിക്കുന്നതിന് വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിര്‍മിക്കും.

ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയില്‍ നിന്ന് 35 ലക്ഷം രൂപയായി ഉയര്‍ത്തും. ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ഫീസ് 50000 രൂപയില്‍ നിന്ന് 2 ലക്ഷമാക്കി ഉയര്‍ത്തും. ക്ലാസിഫിക്കേഷന്‍ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസങ്ങളില്ലെങ്കില്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴ വര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് നടപടിയും നിയമ നിര്‍മാണവും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണവും വരുത്തും.

മദ്യത്തിന്‍റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയര്‍ന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും എക്‌സ്‌പോര്‍ട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനക്രമീകരിക്കും. സംസ്ഥാനത്ത് മദ്യ ഉത്‌പാദനത്തിന് ആവശ്യമായ എക്‌സ്ട്ര ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉത്‌പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

പാലക്കാടുള്ള മലബാര്‍ ഡിസ്റ്റിലറിയിലെ മദ്യ ഉത്പാ‌ദനം ഈ വര്‍ഷം ആരംഭിക്കും. സംസ്ഥാനത്ത് നിലവില്‍ 559 വിദേശ മദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 309 ഷോപ്പുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും.

സംസ്ഥാന ബെവ്‌റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യു ആര്‍ കോഡ് പതിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുകയും മദ്യ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയര്‍ന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും എക്‌സ്‌പോര്‍ട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനഃക്രമീകരിക്കും.

കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്‍റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളത്തില്‍ എല്ലാ പ്രദേശത്തും സ്ഥലങ്ങള്‍ കണ്ടെത്തി കള്ള് ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കള്ള് ഉത്പാ‌ദനം കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്ലാന്‍റേഷന്‍ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്‍റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും. 'കേരള ടോഡി' എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യും. മൂന്ന് സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും അതാത് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉത്പാദിപ്പിച്ച് അതിഥികള്‍ക്ക് നല്‍കുന്നതിന് അനുവാദം നല്‍കും.

അതാത് ദിവസങ്ങളിലെ വില്‍പ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം അതില്‍ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വര്‍ദ്ധിത വസ്‌തുക്കള്‍ നിര്‍മിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.
കള്ള് കൊണ്ടുപോകുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ ട്രാക്ക് ആന്‍ഡ് ട്രെയ്‌സ് സംവിധാനം നടപ്പിലാക്കും. ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന ഡി അഡിക്ഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.

സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ 2 ശതമാനം വര്‍ധനയുണ്ടായെന്നും നികുതിയില്‍ 350 കോടി രൂപയുടെ വര്‍ധനയുണ്ടായെന്നും മദ്യ നയത്തിന്‍റെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരുമെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details