കേരളം

kerala

ETV Bharat / state

മുഴുവൻ ജീവനക്കാർക്കും സുരക്ഷ: ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

ഏഴ് വർഷം വരെ ശിക്ഷ. വാക്കാൽ അധിക്ഷേപിച്ചാലും കേസാകും. നാശനഷ്‌ടത്തിന് ആറിരട്ടി നഷ്‌ടപരിഹാരം. സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസിന് അംഗീകാരം.

Cabinet approves Hospital Protection Act Ordinance  ആശുപത്രി സംരക്ഷണ നിയമം  നിയമ ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം  ആരോഗ്യ മേഖല  ഡോക്‌ടർ വന്ദന ദാസ്  സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം  ആശുപത്രികളിൽ കാണിക്കുന്ന അതിക്രമം  ഓർഡിനൻസ് ഗവർണർക്ക് അയക്കും  Dr Vandanas death  ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന  പ്രതി സന്ദീപ്  കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രി
ആശുപത്രി സംരക്ഷണ നിയമം

By

Published : May 17, 2023, 10:57 AM IST

Updated : May 17, 2023, 2:22 PM IST

ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം:ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓർഡിനൻസിന് അംഗീകാരം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗം ഓർഡിനൻസിന് അംഗീകാരം നൽകുകയായിരുന്നു. ആരോഗ്യ മേഖലയിലെ മിനിസ്‌റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നൽകിയിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമം ഇങ്ങനെ: 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും സംരക്ഷിക്കൽ നിയമം ഭേദഗതി ചെയ്‌താണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്നു വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വർദ്ധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും.

വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ കൂടാതെ മിനിസ്‌റ്റീരിയൽ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവന്നിട്ടുണ്ട്.

പ്രധാനപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് പുറമെ ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്‌തുവരുന്നതുമായ സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്‌റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും നിയമത്തിന്‍റെ പരിധിയിൽ വരും. ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ടപരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആശുപത്രിയിൽ ഉണ്ടാകുന്ന നഷ്‌ടത്തിന്‍റെ ആറ് ഇരട്ടി വരെ നഷ്‌ടപരിഹാരം ഈടാക്കും. അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിവേഗ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും. ഒരു മണിക്കൂറിനുള്ളിൽ തന്നെ സംഭവത്തിൽ എഫ്ഐആർ ഇടണം എന്നതാണ് നിയമത്തിലെ സുപ്രധാന വകുപ്പുകളിലൊന്ന്. ഒരു മാസത്തിനുള്ളിൽ ഇൻസ്പെക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കണം.

ശിക്ഷകൾ വിശദമായി:ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമമുണ്ടായാൽ തടവ് ശിക്ഷ കൂടാതെ 50000 മുതൽ 5 ലക്ഷം വരെ പിഴ ശിക്ഷയും അനുഭവിക്കേണ്ടി വരും. അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്‌താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ഇതിന് പുറമെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി വേഗത്തിൽ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയിൽ എല്ലാ ജില്ലയിലും ഒരു കോടതി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാറ്റും. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കും.

ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകൾ നൽകിയ ആവശ്യങ്ങളും, നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഓർഡിനൻസ് തയാറാക്കിയിരിക്കുന്നത്. ആഭ്യന്തര, ആരോഗ്യ, നിയമ സെക്രട്ടറിമാരാണ് വിവിധ തലങ്ങളിൽ നിന്നുയർന്ന വ്യവസ്ഥകൾ ചർച്ച ചെയ്‌ത് ഓർഡിനൻസ് തയാറാക്കിയത്.

മന്ത്രിസഭായോഗം അംഗീകരിച്ച ഓർഡിനൻസ് ഗവർണർക്ക് അയക്കും. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നതോടെ നിയമം നിലവിൽ വരും. പിന്നീട് ബില്ലായി നിയമസഭയിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക ശേഷം പണിമുടക്ക് സമരം അടക്കം നടത്തിയിരുന്ന ഡോക്‌ടർമാർക്ക് അതിവേഗ നിയമനിർമ്മാണം നടത്തുമെന്ന് ഉറപ്പ് സർക്കാർ നൽകിയിരുന്നു.

ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക ശേഷം പണിമുടക്ക് സമരം അടക്കം നടത്തിയിരുന്ന ഡോക്‌ടർമാർക്ക് അതിവേഗ നിയമനിർമ്മാണം നടത്തുമെന്ന് ഉറപ്പ് സർക്കാർ നൽകിയിരുന്നു. പുതിയ നിയമത്തിന് വന്ദന ദാസിന്‍റെ പേര് നൽകണമെന്ന് ആവശ്യവും സർക്കാർ പരിഗണിച്ചില്ല. രാജ്യത്ത് നിലനിൽക്കുന്ന കീഴ് വഴക്കമാണ് ഈ നിയമനിർമ്മാണത്തിൽ നിയമവകുപ്പ് സ്വീകരിച്ചതെന്നായിരുന്നു ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

ശക്തമായ നിയമം കൊണ്ടുവരുമ്പോൾ അത് ദുരുപയോഗം ചെയ്യാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിയമത്തിൽ എന്ത് വിട്ട് പോയിട്ടുണ്ടെങ്കിലും പരിഗണിക്കും. ഓർഡിനൻസ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ വിശദമായ ചർച്ച നടത്തും. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അത് വിശദമായി ചർച്ച ചെയ്‌ത് ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Last Updated : May 17, 2023, 2:22 PM IST

ABOUT THE AUTHOR

...view details