കേരളം

kerala

ETV Bharat / state

Cabinet Meeting | സ്‌കൂളുകളില്‍ 6043 അധിക തസ്‌തികകള്‍ ; അംഗീകാരം നല്‍കി മന്ത്രിസഭായോഗം - Cabinet approves additional posts in schools

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപക അനധ്യാപക തസ്‌തികകള്‍ക്ക് അംഗീകാരം നല്‍കി ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം. പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നതിലൂടെ കോടി കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍

സ്‌കൂളുകളില്‍ 6043 അധിക തസ്‌തികകള്‍  അംഗീകാരം നല്‍കി മന്ത്രിസഭ  മന്ത്രിസഭ വാര്‍ത്തകള്‍  മന്ത്രിസഭ പുതിയ വാര്‍ത്തകള്‍  അധ്യാപക അനധ്യാപക തസ്‌തികകള്‍ക്ക് അംഗീകാരം  മന്ത്രിസഭ യോഗം  Cabinet approves additional posts in schools  Cabinet
സ്‌കൂളുകളില്‍ 6043 അധിക തസ്‌തികകള്‍

By

Published : Jun 27, 2023, 6:13 PM IST

തിരുവനന്തപുരം : 2022-23 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ അധിക തസ്‌തികകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം. 6043 അധിക തസ്‌തികകള്‍ സൃഷ്‌ടിക്കുന്നതിനാണ് ഇന്ന് (ജൂണ്‍ 27) ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കിയത്. 5944 അധ്യാപക തസ്‌തികള്‍ക്കും 99 അനധ്യാപക തസ്‌തികകള്‍ക്കുമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ 2326 സ്‌കൂളുകളില്‍ പുതിയ തസ്‌തികകളില്‍ നിയമനം നടക്കും.

സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ 3101 അധിക തസ്‌തികകളും എയ്‌ഡഡ്‌ മേഖലയിലെ 1212 സ്‌കൂളുകളില്‍ 2942 പുതിയ തസ്‌തികകളും സൃഷ്‌ടിക്കപ്പെടും. എയ്‌ഡഡ് മേഖലയില്‍ കുറവ് വന്നിട്ടുള്ള 2996 തസ്‌തികകളിലെ അധ്യാപകരെ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച തസ്‌തികകളിലേക്ക് പുനര്‍ വിന്യസിക്കാനാണ് തീരുമാനം.

പുതിയ തസ്‌തികകൾക്ക് അംഗീകാരം ലഭിച്ചതോടെ സർക്കാർ മേഖലയിൽ 1638 അധ്യാപകരെ പുനക്രമീകരിക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പുതിയ തസ്‌തികകൾ ഏകദേശം 58 കോടി 99 ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍:

പേരിനൊപ്പം കെഎഎസ്‌ :കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിനൊപ്പം കെഎഎസ്‌ എന്ന് ചേര്‍ക്കാന്‍ അനുമതി നല്‍കി. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ പേരിനൊപ്പം സര്‍വീസിന്‍റെ ചുരുക്കപ്പേര് ചേര്‍ക്കുന്ന രീതിയിലാകും ഇത്. കെഎഎസിന്‍റെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി ജൂലൈയില്‍ വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.

പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു ഐഎഎസിനെയും പുതിയ സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ധർവേഷ് സാഹിബ് ഐപിഎസിനെയും യോഗത്തില്‍ തീരുമാനിച്ചു.

നെല്ല് സംഭരണ വിഷയങ്ങള്‍ക്കായി ഉപസമിതി :സംസ്ഥാനത്തെ നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങള്‍ക്കായി മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നതിനുള്ള ചുമതല മന്ത്രിസഭ ഉപസമിതിക്കായിരിക്കും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഉപസമിതി.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ മന്ത്രിസഭായോഗം ഭേദഗതി വരുത്തി. ഗസറ്റഡ് ഉദ്യോഗസ്ഥന്‍/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 2021 ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. എന്നാൽ നിയമത്തില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷയുള്ളവ ഒഴികെ സ്വയം സാക്ഷ്യപ്പെടുത്താനാവുമെന്നാണ് പുതിയ ഭേദഗതി.

ABOUT THE AUTHOR

...view details