കേരളം

kerala

ETV Bharat / state

ഓഖി ദുരിത ബാധിതര്‍ക്ക് ഭവന നിര്‍മാണത്തിനായി 3.44 കോടി അനുവദിച്ച് മന്ത്രിസഭ

സുപ്രധാന തീരുമാനങ്ങളെടുത്ത് മന്ത്രിസഭ യോഗം. വനിതാ പൊലീസ് സ്റ്റേഷനുകള്‍ നാലിടത്ത് ആരംഭിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കും

മന്ത്രിസഭ യോഗം

By

Published : Jul 24, 2019, 6:30 PM IST

Updated : Jul 24, 2019, 10:00 PM IST

തിരുവനന്തപുരം:ഓഖി ദുരന്തത്തില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്ത 38 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനായി 3.44 കോടി രൂപ ഓഖി ഫണ്ടില്‍ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. വനിതാ പൊലീസ് സ്റ്റേഷനുകളില്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് എന്നീ റവന്യൂ ജില്ലകളില്‍ ഓരോ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 19 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതില്‍ 1 എസ് ഐ, 3 സീനിയര്‍ വനിതാ സി പി ഒ, 10 വനിതാ സി പി ഒ എന്നീ തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ നടത്തും. നിപാ വൈറസ് ബാധിച്ച് മരിച്ച സാബിത്തിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. സംസ്ഥാനത്തെ 13 എല്‍ എ ജനറല്‍ ഓഫീസുകളില്‍ ഉള്‍പ്പെട്ട 318 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

മലബാറിലെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം, ഭൂവുടമസ്ഥന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താതെ, സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള നിയമം രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ അനുവാദം നല്‍കും. അനിയന്ത്രിത ഖനനം തടയുന്നതിനും സര്‍ക്കാരിന് റോയല്‍റ്റി ഇനത്തിലും മറ്റും ലഭിക്കേണ്ട സാമ്പത്തിക വരുമാനം ഉറപ്പുവരുത്തുന്നതിനുമായി മലബാറിലെ ധാതുസമ്പത്തിന്‍റെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ക്ക് ധനകാര്യ വകുപ്പിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയ ശമ്പള സ്കെയില്‍ അനുവദിക്കും. മലബാര്‍ ക്യാന്‍സര്‍ സെന്‍ററിലെ നോണ്‍ അക്കാദമിക് വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ച് ലക്ചറര്‍ തസ്തികകള്‍ക്കു കൂടി ശമ്പള പരിഷ്കരണം അനുവദിക്കും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ (എസ്.സി.ഇ.ആര്‍.ടി) അക്കാദമിക് വിഭാഗത്തില്‍ നേരിട്ട് നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പള സ്കെയില്‍ പരിഷ്കരിക്കാൻ മന്ത്രിസഭ അനുമതി നൽകി.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടതെ വിവിധ വികസനത്തിനായി 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കും. എറണാകുളം വടക്കേകോട്ടയില്‍ മെട്രോ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും സ്റ്റേഷന്‍ പരിധിയിലുള്ള ഭൂമിയുടെ വികസനത്തിനുമായി 0.9676 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി. ഹൈക്കോടതിയിലെ 42 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാനും ഇന്ന് ചേർന്ന മന്ത്രിസഭ ‍ തീരുമാനിച്ചു.

Last Updated : Jul 24, 2019, 10:00 PM IST

ABOUT THE AUTHOR

...view details