തിരുവനന്തപുരം:അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാനെതിരായ മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രാഥമിക വിലയിരുത്തല്‍. ഈ പരാമർശം ഷാനിമോൾ ഉസ്‌മാൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ എൽഡിഎഫിൽ നിന്നകറ്റി. തെരഞ്ഞെടുപ്പ് കാലത്ത് റോഡുപണി നടത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഷാനിമോള്‍ ഉസ്‌മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയും തിരിച്ചടിയായി. അരൂരിലെ പരാജയം വിശദമായി വിലയിരുത്താന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.
സുധാകരന്‍റെ പൂതനാ പരാമർശം അരൂരില്‍ തിരിച്ചടിയായെന്ന് സിപിഎം - സുധാകരന്‍റെ പൂതനാ പരാമർശം
മഞ്ചേശ്വരത്ത് ശങ്കർ റേയുടെ വിശ്വാസ പരാമർശങ്ങൾ പരിധി വിട്ടുവെന്നും ഇത് മതേതര വോട്ടുകളെ എൽഡിഎഫിൽ നിന്നകറ്റിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രി ജി.സുധാകരനും ഡോ.തോമസ് ഐസക്കും അടക്കമുള്ളവരാണ് നേതൃത്വം നല്‍കിയത്. വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പാര്‍ട്ടിയെ പിന്തുണച്ചിരുന്നു. സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും എന്തുകൊണ്ട് തോറ്റു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുന്നത്. മഞ്ചേശ്വരത്ത് കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍ നിന്നുള്ള ശങ്കര്‍ റേയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്തുവെന്ന വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ മതേതര വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് അടുപ്പിക്കുന്നതിന് തടസമായെന്നും യോഗം വിലയിരുത്തി. 2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ അരൂരില്‍ 16,842 വോട്ടുകളും മഞ്ചേശ്വരത്ത് 4264 വോട്ടുകളും ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞതാണ് എല്‍ഡിഎഫിനെ വലയ്ക്കുന്നത്.