തിരുവനന്തപുരം : സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകളിലടക്കമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട, കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം എന്നിവിടങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡുകള്‍. ഇത് കൂടാതെ രണ്ട് മുനിസിപ്പാലിറ്റി വാർഡുകളിലും, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും പോളിങ് പുരോഗമിക്കുകയാണ്.
ആകെ 60 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 29 പേർ സ്ത്രീകളാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരത്ത് മുട്ടട കോര്‍പറേഷന്‍ വാര്‍ഡ്, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍, പത്തനംതിട്ടയില്‍ മൈലപ്ര ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ആലപ്പുഴ ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫിസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട്, മണിമല പഞ്ചായത്തിലെ മുക്കട, പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം, എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശ്ശേരിക്കവല, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം, കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ - പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി എന്നീ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.