നെയ്യാറ്റിൻകര: ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര ചെങ്കൽ വലിയ കുളത്തിൽ ആരംഭിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് നടന്നു. സംസ്ഥാനത്തെ തന്നെ വലിപ്പമുള്ള കുളങ്ങളിൽ ഒന്നാണ് 28 ഏക്കർ വിസ്തീർണ്ണമുള്ള ചെങ്കൽ വലിയകുളം. 2019-20 സാമ്പത്തിക വർഷത്തിലെ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറു മാസങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് ഇവിടെ വളർത്തു മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കട്ടള, റോഗ്, മൃഗാൾ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളെയാണ് പ്രധാനമായും ഇവിടെ കൃഷിക്കായി ഇറക്കിയത്. ഫിഷറീസ് വകുപ്പിലെ നാലു യൂണിറ്റുകൾ ഉള്ളതിൽ പൂവാർ യൂണിറ്റിന്‍റെ കീഴിലുള്ളതാണ് ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ഈ വലിയകുളം.
ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിച്ച് ചെങ്കൽ വലിയ കുളത്തിൽ മത്സ്യങ്ങളുടെ വിളവെടുപ്പ് - pisciculture
ഫോർമാലിനിലും രാസവസ്തുക്കളിലും മുങ്ങാത്ത നല്ല മത്സ്യങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുക എന്നതാണ് പദ്ധതി ഉദ്ദേശമെന്ന് നെയ്യാറ്റിൻകര എംഎൽഎ എ ആൻസലൻ പറഞ്ഞു
വരും നാളുകളിൽ സെമി ഇന്ത്യൻ സിഹാർപ്പ് കൾച്ചറിൽ ഉൾപ്പെടുത്തി, മത്സ്യകൃഷി തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. ഇതിലേക്കായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകരെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വരും നാളുകളിൽ വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കും. ഫോർമാലിനിലും രാസവസ്തുക്കളിലും മുങ്ങാത്ത നല്ല മത്സ്യങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇതിലേക്കായി മണ്ഡലത്തിലെ പഞ്ചായത്ത്, പൊതുകുളങ്ങൾ മത്സ്യ കൃഷിക്കായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നെയ്യാറ്റിൻകര എംഎൽഎ എ ആൻസലൻ പറഞ്ഞു.