കേരളം

kerala

ETV Bharat / state

തിരുവനന്തപുരം മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ

മുട്ടട വാർഡ് കൗൺസിലർ ടിപി റിനോയ് മരണപ്പെട്ടതിനെ തുടർന്നാണ് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ്.

By election  By election in Muttada  മുട്ടട വാർഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്  ഉപതിരഞ്ഞെടുപ്പ്  മുട്ടട വാർഡ് കൗൺസിലർ ടിപി റിനോയ്  മുട്ടട വാർഡ്  തിരഞ്ഞെടുപ്പ്  യു ഡി എഫ്  എൽ ഡി എഫ്  എൻ ഡി എ  NDA  LDF  UDF  Muttada ward  Muttada ward By election
മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ

By

Published : May 29, 2023, 7:52 PM IST

തിരുവനന്തപുരം: മുട്ടട വാർഡിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. മുട്ടട വാർഡ് കൗൺസിലർ ടിപി റിനോയ് മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ്.

വാർഡ് രൂപീകൃതമായ കാലം മുതൽ എൽ ഡി എഫ് സ്ഥാനാർഥികൾ മാത്രമാണ് മുട്ടട വാർഡിൽ വിജയിച്ചിട്ടുള്ളത്. ഡി വൈ എഫ് ഐ കേശവദാസപുരം മേഖല സെക്രട്ടറി അജിത് രവീന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. എസ് എഫ് ഐ യിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ അജിത് രവീന്ദ്രൻ ദീർഘ നാളായി ഡി വൈ എഫ് ഐ പ്രവർത്തകനാണ്.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ആർ ലാലനാണ് യു ഡി എഫ് സ്ഥാനാർഥി. എൻ ഡി എ സ്ഥാനാർഥിയായി എസ് മണിയും മത്സരിക്കുന്നു. എൽ ഡി എഫ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടുകൾ വാർഡിൽ നേടുന്നത് യു ഡി എഫ് മുന്നണിയാണ്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ തലത്തിലെ പ്രധാന നേതാക്കളെല്ലാം മുട്ടടയിൽ ദിവസങ്ങളായി പ്രചരണത്തിൽ പങ്കെടുത്തു വരികയാണ്. എൽ ഡി എഫ് സ്ഥാനാർഥി അജിത് രവീന്ദ്രന് വേണ്ടി എൽ ഡി എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എം എൽ എ, മന്ത്രി വി ശിവൻകുട്ടി എന്നിവർ പ്രചരണ രംഗത്തുണ്ടായിരുന്നു.

ശശി തരൂർ ആയിരുന്നു വാർഡിൽ യു ഡി എഫിന് വേണ്ടി പ്രചരണത്തിന് എത്തിയത്. യു ഡി എഫിന്‍റെ ജില്ലാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രചരണം. ജില്ലാ നേതാക്കളും സിനിമാ താരങ്ങളായ ബി ജെ പി നേതാക്കളുമാണ് എൻ ഡി എക്ക് വേണ്ടി മുട്ടട വാർഡിൽ പ്രചാരണത്തിനെത്തിയത്.

അതേസമയം വാർഡിന്‍റെ രൂപീകരണം മുതൽ എൽ ഡി എഫ് സീറ്റ് നിലനിർത്തിയ മുട്ടടയിൽ വലിയ വിജയ പ്രതീക്ഷയാണ് എൽ ഡി എഫിനുള്ളത്. ജനകീയനായ ടി പി റിനോയ് തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു എൽ ഡി എഫിന്‍റെ പ്രചരണം. റിനോയിയുടെ ജനസമ്മതിയും തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് എൽ ഡി എഫിന്‍റെ വിലയിരുത്തൽ.

മറുവശത്ത് കത്ത് വിവാദം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളാണ് യു ഡി എഫിന്‍റെയും എൻ ഡി എ യുടെയും പ്രധാന പ്രചരണ ആയുധം. കൂടാതെ സംസ്ഥാന സർക്കാരിനെതിരെ അടുത്തിടെ ഉയർന്ന ആക്ഷേപങ്ങളും യു ഡി എഫും എൻ ഡി എ യും ഉയർത്തിക്കാട്ടുന്നുണ്ട്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുട്ടട- കാനറ വാർഡിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകാൻ സ്ഥാപക മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂർ മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details