കേരളം

kerala

ETV Bharat / state

നാളെ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ

ഞായറാഴ്‌ച നിശബ്‌ദ പ്രചാരണം. തിങ്കളാഴ്‌ച രാവിലെ 7 മുതല്‍ വൈകിട്ട് 6.30 വരെ വോട്ടെടുപ്പ്.

നാളെ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ

By

Published : Oct 18, 2019, 7:42 PM IST

തിരുവനന്തപുരം: മൂന്നാഴ്‌ചയിലേറെ നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. വൈകിട്ട് ആറ് മണിക്ക് അഞ്ച് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കും. ഞായറാഴ്‌ച നിശബ്‌ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനായുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും അവസാന അവസരം. തിങ്കളാഴ്‌ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ്. സാധാരണയില്‍ നിന്നും വ്യത്യസ്‌തമായി ഇത്തവണ വോട്ടെടുപ്പിന് അര മണിക്കൂര്‍ കൂടി സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെ 9,57,509 വോട്ടര്‍മാരാണുള്ളത്. 4,91,455 സ്‌ത്രീ വോട്ടര്‍മാരും 4,66,047 പുരുഷ വോട്ടര്‍മാരും. മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 2,14,779 പേര്‍.

അഞ്ച് മണ്ഡലങ്ങളിലായി ആകെ 35 സ്ഥാനാര്‍ഥികളാണുള്ളത്. എട്ട് പേർ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12,870 വോട്ടര്‍മാര്‍ ഇത്തവണ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കൂടുതലാണ്. 896 പോളിങ് സ്റ്റേഷനുകളാണ് ആകെയുള്ളത്. അതില്‍ 140 പ്രശ്‌‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും. ഒപ്പം പത്ത് കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെയും പ്രശ്‌നബാധിത ബൂത്തുകളില്‍ വിന്യസിക്കും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുളള തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് 11 അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്ന് വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കാം. എന്നാല്‍ സഹകരണ സംഘങ്ങള്‍ അനുവദിച്ചിട്ടുള്ള പാസ് ബുക്ക് തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കില്ല. 896 പോളിംഗ് ബൂത്തുകളിലും ഓരോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വീതം ഉപയോഗിക്കുന്നതിന് പുറമെ 20 ശതമാന വോട്ടിങ് യന്ത്രങ്ങള്‍ അധികമായി സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പിനിടെ യന്ത്രം കേടായാല്‍ തടസം വരാതിരിക്കാനാണിത്. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ആരെങ്കിലും കള്ള വോട്ടിന് ശ്രമിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ഏജന്‍റുമാര്‍ എതിര്‍ക്കുകയും ഇക്കാര്യം പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details