തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സമരം ഇന്ന് അർധരാത്രി മുതല്‍. അനിശ്ചിതകാല സമരമാണ് ബസുടമകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസയായി ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വയ്ക്കുന്നത്.
നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ച ചെയ്‌തിരുന്നു. നിരക്ക് വര്‍ധന എന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍റെ അന്തിമ തീരുമാനം വൈകിയതോടെയാണ് സമരവുമായി ബസുടമകള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.