തിരുവനന്തപുരം: കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കരൂർ സ്വദേശി സണ്ണി (52) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പോത്തൻകോട് കരൂരിന് സമീപമുള്ള പഴയ ടൂട്ടോറിയൽ കെട്ടിടത്തിന്‍റെ ചുവരിടിച്ച് ജനാല ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടുന്ന ചുവർ ഒന്നാകെ ഇടിഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് സണ്ണിയുടെ ശരീരം പുറത്തെടുത്തത്. ഉടൻ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സണ്ണിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ക്ലമന്‍റി (53 )നും അപകടത്തിൽ പരിക്കേറ്റു. ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു - karur
കരൂരിന് സമീപമുള്ള പഴയ ടൂട്ടോറിയൽ കെട്ടിടത്തിന്‍റെ ചുവരിടിച്ച് ജനാല ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്
കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
കരൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. താൻ ഉപേക്ഷിച്ച കെട്ടിടത്തിൽ തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവർ പ്രവേശിച്ചതെന്നും കെട്ടിടത്തിലെ ജനലും ഇഷ്‌ടികകളും ഇളക്കിയെടുക്കാൻ ശ്രമിച്ചതെന്നുമാണ് ഉടമ പറയുന്നത്. കഴക്കൂട്ടത്ത് നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും പോത്തൻകോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലൻ നായരും സ്ഥലത്തെത്തി.