തിരുവനന്തപുരം : ബഫർ സോണിൽ പൊതുജനത്തിന് പരാതി സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഫീൽഡ് സർവേ എങ്ങുമെത്താത്ത സാഹചര്യത്തിൽ അമ്പതിനായിരത്തിലധികം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇടുക്കി, വയനാട് അടക്കമുള്ള മലയോര ജില്ലകളിൽപോലും ഫീൽഡ് സർവേ 60% പോലും പൂർത്തിയായിട്ടില്ല.
ബഫർ സോൺ : പരാതി നൽകാനുള്ള കാലാവധി ഇന്ന് അവസാനിക്കും
ബഫർ സോൺ വിഷയത്തില്‍ ഇതിനകം അമ്പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒരു ശതമാനം പരാതികളില്‍ പോലും തീര്‍പ്പായിട്ടില്ല
പരിസ്ഥിതിലോല മേഖലകളിൽ പഞ്ചായത്തുകൾ രൂപീകരിച്ച ഹെല്‍പ് ഡെസ്കുകളിൽ 54,604 പരാതികളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. എന്നാൽ ഒരു ശതമാനം പരാതികളില്‍ പോലും തീർപ്പുണ്ടായിട്ടില്ല. ഉപഗ്രഹ സർവേയ്ക്ക് പുറമെ റവന്യൂ, തദ്ദേശ ഭരണ വകുപ്പുകൾ എന്നിവ സംയുക്തമായി നടത്തിയ സർവേയിൽ 80,000 നിർമിതികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സെർവർ തകരാര്‍ തുടര്‍ക്കഥയായതോടെ സർവേ പൂർത്തിയാക്കാൻ തടസമാകുന്നുവെന്നാണ് റവന്യൂവകുപ്പ് വിശദീകരിക്കുന്നത്. വിഷയത്തിലെ അപാകതയിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ബഫർ സോണിൽ അനുനയ ചർച്ചകൾക്കായി വനം മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കലിനെ സന്ദര്‍ശിച്ചിരുന്നു.