തിരുവനന്തപുരം :സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജൂലൈ മാസത്തിൽ അവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുമ്പോൾ ഹർജി സമർപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി നിർദേശ പ്രകാരം ജനവാസ മേഖലകളെ എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇന്നത്തെ യോഗം വിലയിരുത്തിയത്.
നിലവിലെ ദൂരപരിധി കുറയ്ക്കാനുള്ള ശ്രമമാണ് സർക്കാരും വനംവകുപ്പും നടത്തി വരുന്നത്. വിധി മലയോര കർഷകരെ രൂക്ഷമായി ബാധിക്കും. ഇത് ഒഴിവാക്കാൻ നിലവിലെ വിധിയിൽ അതിനുള്ള വാതിലുകൾ തുറന്നിട്ടുണ്ട്.
ജനങ്ങളെ ബാധിക്കുന്നതാണെങ്കിൽ എംപവർ കമ്മിറ്റിയെ അറിയിക്കാം. തുടർന്ന് കമ്മിറ്റിക്ക് ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാം. കേന്ദ്രത്തിന് സുപ്രീംകോടതിയെയും സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.