തിരുവനന്തപുരം: വന്യ ജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പുറത്ത് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പേരില്‍ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ പോര് രൂക്ഷമാകുന്നതിനിടെ സര്‍ക്കാരിന് കുരുക്കായി 2019ല്‍ പിണറായി മന്ത്രിസഭ എടുത്ത തീരുമാനം. മന്ത്രിസഭ തീരുമാന പ്രകാരം 2019 ഒക്ടോബര്‍ 31ന് വനം പരിസ്ഥിതി വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ് ഇറക്കിയ ഉത്തരവാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നത്. ഈ ഉത്തരവിന്‍റെ എട്ടാം ഖണ്ഡികയിലാണ് മനുഷ്യ വാസ കേന്ദങ്ങളിലുള്‍പ്പെടെ ഒരു കിലോമീറ്റര്‍ സംരക്ഷിത പ്രദേശമായി വിജ്ഞാപനം ചെയ്‌തിരിക്കുന്നത്.
എട്ടാം ഖണ്ഡിക ഇപ്രകാരം: 'കേരളത്തില്‍ ജീവന്‍ നഷ്‌ടപ്പെടുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന മനുഷ്യ വാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ(0-1കി.മീ) ഇക്കോ സെന്‍സിറ്റീവ് സോണ്‍(ഇഎസ് സെഡ്) ആയി തത്വത്തില്‍ നിശ്ചയിച്ചു കൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് അംഗീകാരം നല്‍കി ഉത്തരവാകുന്നു. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയവും സുപ്രീംകോടതിയും നിശ്ചയിച്ച മാനദണ്ഡങ്ങളുടെയും, വിവിധ വിദഗ്‌ധ സമിതികളും(കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധ സമിതി, 2018ല്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതി) നടത്തിയ പഠനത്തിലെ ഡേറ്റ, എന്‍എസ്ഇഎസ്എസ് നല്‍കിയ ഡേറ്റ എന്നിവ അടിസ്ഥാനമാക്കി കരട് വിജ്ഞാപനം തയ്യാറാക്കേണ്ടതാണ്'.
ഇന്ന് നിയമസഭയില്‍ പ്രതിപക്ഷത്തു നിന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സണ്ണിജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത് ഈ ഉത്തരവിലെ മേല്‍ വിവരിച്ച വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു. എന്നാല്‍ 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1 മുതല്‍ 3 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് ഒരു കിലോമീറ്ററായി കുറയ്ക്കുകയുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ 2019ലെ ഉത്തരവിലൂടെ ചെയ്‌തതെന്നുമായിരുന്നു വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി. മന്ത്രിയുടെ ഈ വാദത്തെ ഇതേ ഉത്തരവിലൂടെ തന്നെ പ്രതിപക്ഷം പൊളിച്ചു.