കേരളം

kerala

ETV Bharat / state

ബഫര്‍ സോണ്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍ക്കാര്‍ തീരുമാനം

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

buffer zone issue  ബഫര്‍ സോണ്‍  ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം  buffer zone issue in kerala  Kerala government decision on buffer zone  ബഫര്‍ സോണ്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
ബഫര്‍ സോണ്‍

By

Published : Dec 20, 2022, 8:23 PM IST

തിരുവനന്തപുരം:ബഫര്‍ സോണ്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രീം കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടാന്‍ തീരുമാനിച്ചത്. ജനവരിയില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ കേരളത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഇതിനായി സമയം കൂടുതല്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും.

ഫീല്‍ഡ് സര്‍വേ നടത്തി അതിന്‍റെ പ്രാഥമിക വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ഇപ്പോള്‍ നടത്തിയ ഉപഗ്രഹ സര്‍വേ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് ഫീല്‍ഡ് സര്‍വേയുടെ പ്രാഥമിക വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഫീല്‍ഡ് സര്‍വേ വേഗത്തില്‍ ആരംഭിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും.

പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഇതിനായി ഉപയോഗിക്കും. ഇത് കൂടാതെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയടക്കം ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കാനാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ കൂടി ഹെല്‍പ്പ് ഡെസ്‌കില്‍ നിയോഗിക്കുന്നത്.

വിദഗ്‌ധ സമതിയുടെ കാലാവധി നീട്ടി നല്‍കും:വിഷയം പരിശോധിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ വിദഗ്‌ധ സമിതിയുടെ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 30 വരെയായിരുന്നു സമിതിയുടെ കാലാവധി. ഇത് രണ്ട് മാസത്തേക്കാണ് സമിതിയുടെ കാലാവധി നീട്ടുന്നത്. കൂടാതെ സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെടാനും ഇന്നത്തെ യോഗം തീരുമാനിച്ചു. ഉപഗ്രഹ സര്‍വേ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനുള്ള തീയതി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഏഴ് വരെയാണ് പരാതി നല്‍കാനുള്ള കാലാവധി നീട്ടുക.

അധിക വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം: ഉപഗ്രഹ സർവേ നടത്തി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും. ഇതിൽ ഉള്‍പ്പെടുത്തേണ്ട അധികവിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അവ നല്‍കാം. വനംവകുപ്പിന് നേരിട്ടും നല്‍കാവുന്നതാണ്. അധിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സമയം ജനുവരി ഏഴ് വരെ ദീര്‍ഘിപ്പിക്കും.

ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീല്‍ഡ് തലത്തില്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പഞ്ചായത്തുതലത്തില്‍ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‌ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും.

സുപ്രീം കോടതിയില്‍ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണം, റവന്യൂ, വനം മന്ത്രിമാര്‍ പങ്കെടുത്ത് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, സെക്രട്ടറി, വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം നാളെ ചേരും. ഫീല്‍ഡ് വെരിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങൾ ഈ യോഗത്തില്‍ തീരുമാനിക്കും.

ABOUT THE AUTHOR

...view details