തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ നടന്നത് അതിശക്തമായ വാദപ്രതിവാദങ്ങൾ. 2019ലെ മന്ത്രിസഭ തീരുമാനപ്രകാരം ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് കേരളത്തിന് തിരിച്ചടിയായെന്ന് സ്ഥാപിക്കാനായി പ്രതിപക്ഷവും, അല്ലെന്ന് സ്ഥാപിക്കാൻ ഭരണപക്ഷവും ഉയർത്തിയത് ശക്തമായ വാദമുഖങ്ങളായിരുന്നു. മുഴുവൻ ജനവാസ മേഖലയേയും ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടി ഒഴിവാക്കി പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർ സോണാക്കി ഉത്തരവിറക്കിയത് ഇടത് സർക്കാറാണ്. ഇത് സുപ്രീംകോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷത്ത് നിന്ന് നോട്ടിസിന് അനുമതി തേടിയ മാത്യു കുഴൽനാടൻ ആരോപിച്ചു.
സർക്കാരിനെതിരെ പ്രതിപക്ഷം: ഹർജിയിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായാണ് സർക്കാർ ചിത്രീകരിച്ചത്. വനം കയ്യേറിയവർക്ക് പട്ടയം നൽകേണ്ടി വന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. ജനവാസ മേഖലയെ സംരക്ഷിക്കുമെന്ന് പറഞ്ഞത് ആത്മാർഥമായാണെങ്കിൽ ഇങ്ങനെ തീരുമാനിക്കുമായിരുന്നോ?. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ തീരുമാനം അംഗീകരിക്കാൻ സർക്കാരിന് ദുരഭിമാനമാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു.
'ബഫർ സോൺ കുറച്ചത് ഇടതുപക്ഷം': മാത്യു കുഴൽനാടൻ സഭയെയും കേരളീയ സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സുപ്രീംകോടതി വിധിയിൽ ഒരിടത്തും 2019ലെ മന്ത്രിസഭ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് പറഞ്ഞിട്ടില്ലെന്നും നിയമമന്ത്രി പി.രാജീവ് മറുപടി നൽകി. ബഫർ സോൺ വിഷയത്തിൽ കക്ഷി രാഷ്‌ട്രീയം പാടില്ല. സുപ്രീംകോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത് കേരളം മാത്രമാണ്. 10 കിലോമീറ്ററിൽ സംരക്ഷിത മേഖല വേണമെന്ന് വാശിപിടിച്ച പാർട്ടിയാണ് കോൺഗ്രസ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്തേക്കാൾ ബഫർ സോൺ കുറയ്‌ക്കുകയാണ് ഇടത് സർക്കാർ ചെയ്‌തതെന്നും പി.രാജീവ്.