തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. സഭയ്ക്കകത്തും പുറത്തും വൻ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. അതേസമയം ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
മാർച്ച്, സംഘർഷത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. സുരക്ഷ കണക്കിലെടുത്ത് നിയമസഭയ്ക്ക് സമീപം വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കും. അതേസമയം, സഭയ്ക്കകത്ത് ചോദ്യോത്തരവേള മുതൽ പ്രതിഷേധം ഉയരാനാണ് സാധ്യത. ഇന്ധന സെസ് 2 രൂപയായി വർധിപ്പിച്ചതിനെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ സർക്കാർ, സെസ് ഒരു രൂപയാക്കി കുറയ്ക്കാനും സാധ്യതയുണ്ട്.
ബുധനാഴ്‌ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ഇക്കാര്യത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്‍റെ മുറിയിൽ യുഡിഎഫ് യോഗം ചേരും.
അതിനിടെ സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്‌തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്. നാളെ ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്‌ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.