തിരുവനന്തപുരം: ബിഎസ്എൻഎല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നോട്ടീസ് പതിച്ചു. ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം പ്രസിഡന്‍റ് ഗോപിനാഥന്‍ നായര്‍, ഭാരവാഹി രാജീവന്‍ എന്നിവര്‍ വാങ്ങിയ സ്വത്തുക്കളിലാണ് സഹകരണ വകുപ്പ് നോട്ടീസ് പതിച്ചത്. സഹകരണ സംഘത്തിലെ അംഗങ്ങളുടെ നിക്ഷേപങ്ങള്‍ ഇവര്‍ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചുവെന്നാണ് പരാതി.
പൊലീസിന് പുറമേ സഹകരണ വകുപ്പിന് സംഘത്തിലെ അംഗങ്ങള്‍ നൽകിയ പരാതിയിലാണ് നടപടി. ഭാര്യയുടെയും സഹോദരന്മാരുടെയും പേരിലാണ് ഇവര്‍ നിക്ഷേപം നടത്തിയത്. ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇപ്പോള്‍ നോട്ടീസ് നൽകിയിരിക്കുന്നത്.
14 വസ്‌തുവകകള്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസില്‍ പ്രതികളായ ഗോപിനാഥനും രാജീവനും കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് (18-1-2023) പരിഗണിക്കാനിരിക്കെയാണ് സഹകരണ വകുപ്പിന്‍റെ നടപടി. അതേസമയം കേസന്വേഷണം ഇതുവരെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.
തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് 'സേവ് ഫോറം' എന്ന പേരില്‍ സംഘടന രൂപീകരിച്ചാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കോടതിയില്‍ തട്ടിപ്പുകാര്‍ക്കെതിരെ നടക്കുന്ന കേസിലും ഇവര്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. 14000 പേരായിരുന്നു നിക്ഷേപം നടത്തിയത്.