തിരുവനന്തപുരം: തട്ടിപ്പുകേസില്‍ പ്രതിയെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. ഇരുന്നൂറിലേറെ കോടി രൂപയുടെ ബിഎസ്എൻഎൽ എൻജിനീയറിങ് സംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൊല്ലം മാമ്പുഴ സ്വദേശിനി ഷീജ കുമാരിയെയാണ് (47) കസ്‌റ്റഡിയിൽ വിട്ടത്. ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവിന്‍റേതാണ് ഉത്തരവ്. അഞ്ചുദിവസത്തേക്കാണ് കോടതി, ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടയച്ചത്.
സംഭവം ഇങ്ങനെ:സംഘത്തിന്‍റെ മുൻ പ്രസിഡൻ്റും കേസിലെ ഒന്നാം പ്രതിയുമായ ഗോപിനാഥൻ നായരുടെ കൂട്ടാളിയായിരുന്നു ഷീജ കുമാരി. ഗോപിനാഥൻ നായർ സംഘത്തിൽ നിന്നും തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഷീജ കുമാരിയുടെ പേരിൽ വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനും വസ്‌തുക്കൾ വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നത്. കൊല്ലം ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളിൽ മുപ്പതിലധികം വസ്‌തുവകകൾ ഷീജ കുമാരിയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത് സ്വന്തമാക്കിയിട്ടുണ്ട്.
സഹകരണ ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളും, കൊല്ലത്തെ കെഎൽ ഫിനാൻസ്, സായി ബിൽഡേഴ്‌സ് എന്ന ധനകാര്യ സ്ഥാപനങ്ങളും ഷീജ കുമാരിയുടെ പേരിലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നിക്ഷേപ തട്ടിപ്പിന് ശേഷം ഒളിവിൽ പോയ ഗോപിനാഥൻ നായർ ഒടുവിൽ കഴിഞ്ഞിരുന്നത് ഷീജ കുമാരിയുടെ കൊല്ലത്തെ വീട്ടിലായിരുന്നു. ഇവരുടെ കൊല്ലത്തെ ധനകാര്യ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ റെയ്‌ഡിലാണ് വൻ നിക്ഷേപത്തിൻ്റെ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
പ്രതിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌താലേ തട്ടിപ്പിൻ്റെ വ്യാപ്‌തിയും നിക്ഷേപങ്ങളുടെ ഉറവിടവും കണ്ടെത്താനാകൂവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഷീജാകുമാരിയെ കോടതി ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്. നിലവിൽ 88 തട്ടിപ്പുകേസുകളിൽ ഷീജ കുമാരി പ്രതിയായി അന്വേഷണം തുടരുന്ന വിവരവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീനാണ് ഹാജരായത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്:അടുത്തിടെ കാസർകോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനും നടനുമായ സി ഷുക്കൂറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസിലെ പതിനൊന്നാം പ്രതി കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് ഷുക്കൂറിനെതിരെ കേസെടുത്തത്. മാത്രമല്ല ഹർജിയിൽ കേസെടുക്കാൻ കോടതിയും നിർദേശം നൽകിയിരുന്നു.
2013ൽ കമ്പനി ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സി ഷുക്കൂറിന്‍റെ നേതൃത്വത്തിൽ വ്യാജ സത്യവാങ്മൂലം നിർമിച്ചുവെന്നതാണ് പരാതി. ഈ സംഭവത്തിലാണ് പൊലീസ് കേസ്. കമ്പനി എംഡി പൂക്കോയ തങ്ങൾ, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സി ഷുക്കൂര്‍, സ്ഥാപനത്തിന്‍റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയായിരുന്നു കേസ്. കേസിൽ മൂന്നാം പ്രതിയാണ് അഭിഭാഷകനായ സി ഷുക്കൂർ. എന്നാല്‍ നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയായ പരാതിക്കാരനായ മുഹമ്മദ് കുഞ്ഞി ഡയറക്‌ടറാക്കിയത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നായിരുന്നു ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നത്.
Also Read: Fashion Gold Fraud Case| 'രേഖയിലെ ഒപ്പും സീലും തന്‍റേതല്ല', വിശദീകരണവുമായി അഡ്വ സി ഷുക്കൂർ