കേരളം

kerala

ETV Bharat / state

ബ്രഹ്മപുരം: അഗ്നിശമന സേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി - അഗ്നിശമന സേനയ്‌ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തീപിടിത്തമുണ്ടായ ബ്രഹ്മപുരം സന്ദര്‍ശിക്കാനോ വിഷയത്തില്‍ പ്രതികരണം നടത്താനോ മുഖ്യമന്ത്രി തയ്യാറാകാത്തതിനെതിരെ കനത്ത പ്രതിപക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് അഗ്നിശമന സേനയ്‌ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തീപിടിത്തമുണ്ടായ ബ്രഹ്മപുരം  ബ്രഹ്മപുരം  brahmapuram fire  brahmapuram fire pinarayi vijayan  pinarayi vijayan appreciated fire force  വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി
വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

By

Published : Mar 13, 2023, 9:29 PM IST

Updated : Mar 16, 2023, 12:33 PM IST

തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ അഗ്നിശമനത്തിനായി പ്രവർത്തനം നടത്തുന്ന കേരള ഫയർ ആന്‍ഡ് റെസ്ക്യു സർവീസസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരത്തെ തീ അണയ്‌ക്കുന്നതിനായി ശരിയായ മാർഗം ഉപയോഗിച്ചുള്ള പ്രവർത്തനം നടത്തിയ വകുപ്പിനേയും തൊഴിലാളികളേയുമാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. തുടർ പ്രവർത്തനങ്ങൾക്കായി വിദഗ്ധോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാലിന്യ പ്ലാന്‍റിലെ ദുരന്തം 12 ദിവസം കടക്കുമ്പോഴും പ്ലാന്‍റില്‍ വിവിധ തൊഴിലാളികളുടെ പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ത്യാഗപൂർണമായ പ്രവർത്തനം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ഉയര്‍ന്നത് നിരവധി പ്രതിഷേധം':വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരേയും വിവിധ വകുപ്പുകളേയും അഭിനന്ദനം അറിയിക്കുന്നുവെന്നും തുടർപ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും ആവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ വിവിധ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇന്ന് നിയമസഭയിലും വിഷയം ചർച്ചയായി.

ALSO READ|ബ്രഹ്മപുരം തീപിടിത്തം: ചികിത്സ ഉറപ്പാക്കാൻ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി

മാലിന്യ പ്ലാന്‍റിലെ അഗ്നിബാധയെ തുടർന്നുണ്ടായ പുകശല്യം അടക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും തീ അണയ്ക്കുന്ന വെള്ളം നദികളിൽ ചെന്ന് ജലമലിനീകരണം ഉണ്ടാവുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉയർത്തിക്കാട്ടിയിരുന്നു. വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെടുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ ദുരന്തത്തിന്‍റെ വ്യാപ്‌തി ചൂണ്ടിക്കാട്ടി മമ്മൂട്ടി അടക്കമുള്ള സിനിമാതാരങ്ങളും രംഗത്തുവന്നു.

മാണ്ഡവ്യയ്ക്ക് നിവേദനം നൽകി എംപിമാർ:പല ആളുകളും കൊച്ചി വിട്ടുപോകുന്ന സ്ഥിതിയാണ്. നിരവധി പേർ ആശുപത്രിയിൽ മറ്റും ചികിത്സയിലാണ്. ഇതിനിടെ കൊച്ചിയിൽ ശ്വാസംമുട്ടൽ കാരണമായി ഒരാൾ മരിക്കുകയും ചെയ്‌തു. ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

അതേസമയം, ബ്രഹ്മപുരം സംഭവത്തില്‍ വിഷപ്പുക ശ്വസിച്ചത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചു. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി. നാളെ (മാര്‍ച്ച് 14) മുതൽ സെന്‍റര്‍ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് വിദഗ്‌ധ ചികിത്സ ഉറപ്പുവരുത്താനാണ് നീക്കം. വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്‌ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്‌ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുക. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്‌ചപരിശോധന എന്നീ സേവനങ്ങളാണ് ലഭിക്കുക.

പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകളിലും 'ശ്വാസ്' ക്ലിനിക്കുകളും നാളെ (മാര്‍ച്ച് 14) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്‍റ ആരോഗ്യ സര്‍വേയും നാളെ മുതല്‍ ആരംഭിക്കും. പുക മൂലം വായുമലിനികരണം ഉണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്‍റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.

Last Updated : Mar 16, 2023, 12:33 PM IST

ABOUT THE AUTHOR

...view details