തിരുവനന്തപുരം: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. ഇഞ്ചിവിള ചെക്ക് പോസ്റ്റിന് സമീപത്തെ സ്വകാര്യ ഹാളിലാണ് താൽകാലികമായി പരിശോധന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെ ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യൂ, ഫയർ ഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ പ്രത്യേക പോയിന്‍റുകളൊരുക്കിയിട്ടുണ്ട്. നോർക്കയുടെ പാസുമായെത്തുന്നവരെ എല്ലാ വിഭാഗങ്ങളുടെയും പരിശോധനകൾ പൂർത്തിയാക്കിയായിരിക്കും സംസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കുക. ഒരേസമയം 500 പേർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിക്കാനുള്ള സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
അതിർത്തിയിൽ പരിശോധനക്കായി സംയുക്ത സേവനം - നെയ്യാറ്റിൻകര ഡിവൈഎസ്‌പി
നോർക്കയുടെ പാസുമായെത്തുന്നവരെ ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പരിശോധനകൾ പൂർത്തിയാക്കിയാണ് അതിര്‍ത്തി കടത്തുന്നത്
അതിർത്തിയിൽ പരിശോധനക്കായി സംയുക്ത സേവനം
രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെയാണ് ഇവിടെ പരിശോധനയും കടത്തിവിടലും നടക്കുക. അതേസമയം തിരുവനന്തപുരം ജില്ലയിലേക്ക് കടന്നുവരാനുള്ള അനുമതി ഇതുവരെ ഭരണകൂടം നൽകിയിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.