തിരുവനന്തപുരം:സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ്. വ്യാഴാഴ്‌ച (30.06.22) രാത്രി 11.35 നാണ് സംഭവം. എ.കെ.ജി സെന്‍ററിന്‍റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ വലിയ സ്ഫോടന ശബ്‌ദവും പുകയും ഉണ്ടായി.
എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ്; സി.സി.ടി.വി ദൃശ്യം പുറത്ത് - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
വ്യാഴാഴ്‌ച രാത്രി 11.35 നാണ്, സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്.
പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫിസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. എ.കെ.ജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. മുന്‍പിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർദേശം നൽകി. സംയമനം പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും അഭ്യര്‍ഥിച്ചു. തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.