തിരുവനന്തപുരം: മൂന്നല്ല മുപ്പത്തിയാറ് ദിവസം ഡയസ്നോൺ പ്രഖ്യാപിച്ചാലും പണിമുടക്കിൽ നിന്ന് പിന്തിരിയില്ലെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി എസ് അജയകുമാർ. ചെയ്‌ത ജോലിക്ക് കൂലി കിട്ടുന്നില്ലെന്നും ഇനിയും പട്ടിണി കിടക്കാൻ വയ്യ. തിട്ടൂരങ്ങൾ കണ്ട് ഭയപ്പെടില്ലെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണിമുടക്കിലേക്ക് ഞങ്ങളെ തള്ളിവിട്ടതാണ്. എല്ലാ യാത്രക്കാരും പണിമുടക്കുമായി സഹകരിക്കണം. പണിമുടക്കിന് രാഷ്ട്രീയമില്ല, വിശപ്പിന് മാത്രമാണ് രാഷ്ട്രീയം. ജീവനക്കാരെ പട്ടിണിക്കിടുന്നത് അംഗീകരിക്കാനാകില്ല. കെഎസ്ആർടിസി ജീവനക്കാരോട് സർക്കാരും മാനേജ്മെൻ്റും വെല്ലുവിളി നടത്തുകയാണ്. ശമ്പളം ഒരുമിച്ച് നൽകില്ലെന്നത് മാനേജ്മെൻ്റിന്‍റെ ദുർവാശിയാണ്.
210 കോടിയുടെ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. എല്ലാ മാർഗങ്ങളും പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്. 24 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളം ഗഡുക്കളായ നൽകുന്നത് ഒഴിവാക്കുക, ഒറ്റത്തവണയായി നൽകണം എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെയാണ് സൂചന പണിമുടക്ക് നടത്തുന്നത്.
കെഎസ്ആർടിസിക്ക് ശമ്പളം നൽകുന്നതിനായി ഖജനാവിൽ നിന്ന് നൽകുമെന്ന പറഞ്ഞ തുക പോലും നൽകുന്നില്ല. തങ്ങൾ ജനങ്ങളെ ബന്ധിയാക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വിചിത്രമായ തീരുമാനമാണ് മാനേജ്മെന്‍റ് പുറത്തിറക്കിയിരിക്കുന്നത്. ബിജെപിക്കെതിരെയും ബിഎംഎസ് സമരം ചെയ്‌തിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ഓർക്കണമെന്നും എസ് അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ രൂക്ഷ വിമർശനമാണ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉന്നയിച്ചത്. കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയാണോയെന്ന് ബിഎംഎസ് ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം ഗഡുക്കളായി കൃത്യമായി നൽകുന്നുണ്ട്. ഈ സമരമൊന്നും വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ല. മൂന്ന് ദിവസത്തെ സർവീസുകളെ ഈ പണിമുടക്ക് ബാധിക്കും. ഈ സ്ഥാപനത്തെ നശിപ്പിക്കാൻ ആരെങ്കിലും ബോധപൂർവം ശ്രമിച്ചാൽ അതിനൊന്നും വഴങ്ങിക്കൊടുക്കുന്ന വിഷയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിനെ എതിർക്കാൻ മൂന്ന് ദിവസം ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്മെന്‍റ്. എട്ടിന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് 7,8,9 തീയതികളിൽ സർക്കാർ തീരുമാനത്തിന് വിധേയമായി ഡയസ്‍നോൺ ആയി പരിഗണിക്കുമെന്ന് മാനേജ്മെന്‍റ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പണിമുടക്ക് ദിവസം ഓഫിസർമാർ ആരും ആസ്ഥാനം വിട്ട് പോകാൻ പാടില്ല. ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ചുരുങ്ങിയത് ഒരു ഓഫിസറെങ്കിലും മുഴുവൻ സമയവും ഓഫിസിൽ ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ALSO READ :കെഎസ്‍ടിഇഎസ് പണിമുടക്ക് : മൂന്ന് ദിവസം ഡയസ്‍നോൺ പ്രഖ്യാപിച്ച് മാനേജ്മെന്‍റ്
പണിമുടക്ക് ദിവസം സർവീസ് മുടങ്ങുന്നത് ഒഴിവാക്കാൻ ക്ലസ്റ്റർ, ജില്ല, യൂണിറ്റ് ഓഫിസർമാർക്ക് കെഎസ്ആർടിസി കർശന നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ തലേദിവസത്തെയും പിറ്റേദിവസത്തെയും സർവീസിനെ ബാധിക്കും. ഇത് കെഎസ്ആർടിസിക്ക് വരുമാന നഷ്‌ടവും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ടാണ് മൂന്ന് ദിവസം ഡയസ്‍നോൺ പ്രഖ്യാപിക്കുന്നതെന്നും സിഎംഡി ബിജു പ്രഭാകർ ഉത്തരവിൽ വ്യക്തമാക്കി.