തിരുവനന്തപുരം: ഒരാള്‍ക്ക് എത്ര തവണ രക്തദാനം നടത്താമെന്ന് സംശയിക്കുന്നവര്‍ക്കും രക്തദാനം അപടമാകുമെന്ന് ആശങ്കപ്പെടുന്നവര്‍ക്കും മുന്നില്‍ ഉത്തരമാകുകയാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ സുമേഷ് വണ്ടാടന്‍ (Blood Donor Sumesh Vandaden). 52 വര്‍ഷത്തെ ജീവിതത്തിനിടയില്‍ രക്തദാനത്തിന് അനുയോജ്യമെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ള 18 വയസ് മുതല്‍ ഇന്ന് വരെയുള്ള 24 വര്‍ഷത്തിനിടെ 69 തവണയാണ് സുമേഷ് തന്‍റെ ചുടുചോര നല്‍കി നിരവധി ആളുകളെ ജീവിതത്തിന്‍റെ ഊഷ്‌മളതിയിലേക്ക് പിടിച്ചു കയറ്റിയത്.
തന്‍റെ 18-ാം വയസില്‍ മടിച്ചു മടിച്ച് രക്തദാനത്തിനിറങ്ങിയ സുമേഷിന് രക്തം സ്വീകരിച്ചവരില്‍ നിന്നുണ്ടായ പ്രതികരണം ജീവിതത്തെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നതായി. ആ പ്രചോദനത്തില്‍ രണ്ടാം തവണ രക്തദാനത്തിനിറങ്ങിയ സുമേഷ് പിന്നെ തിരിഞ്ഞു നോക്കിയില്ല. ആവശ്യപ്പെടുന്നവര്‍ക്കൊക്കെ തന്‍റെ രക്തം പകുത്തു നല്‍കി.
ഇന്നിപ്പോള്‍ ജീവിതത്തില്‍ 50ന്‍റെ പടിവാതില്‍ പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയധികം സംതൃപ്‌തി നല്‍കുന്ന മറ്റൊരു പ്രവൃത്തിയും ജീവിതത്തില്‍ കണ്ടെത്താന്‍ സുമേഷിനാകുന്നില്ല. 50 കഴഞ്ഞവരെ അലട്ടുന്ന പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഇതുവരെ സുമേഷിനെ പിടികൂടിയിട്ടില്ല. ഒരു പക്ഷേ ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് തനിക്ക് കവചമൊരുക്കുന്നത് മുടങ്ങാതെയുള്ള രക്തദാനമാകാമെന്ന് (Blood Donation) സുമേഷ് വിശ്വസിക്കുന്നു.
ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു പക്ഷേ തന്നില്‍ നിന്ന് രക്തം സ്വീകരിച്ചവരുടെയും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർഥനയാകാം ഇതിനു കാരണം എന്ന് സുമേഷ് കരുതുന്നു. വര്‍ഷത്തില്‍ ഇപ്പോഴും മൂന്നോ നാലോ തവണ ഇനിയും രക്തം നല്‍കാന്‍ സുമേഷ് തയ്യാറാണാങ്കിലും ഡോക്‌ടര്‍മാര്‍ സ്‌നേഹ ബുദ്ധ്യാ ഉപദേശിക്കുന്നത് ഈ പ്രായത്തില്‍ ഇനി വര്‍ഷത്തില്‍ പരമാവധി ഒരു തവണ മാത്രമേ രക്തദാനത്തിനു മുതിരാവൂ എന്നാണ്.