ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം (SFI Protest against governor). എസ്എഫ്ഐ പ്രവർത്തകരാണ് ഗവർണർക്ക് (Arif Mohammed Khan) നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. വഴുതക്കാട് ജങ്ഷനിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനായി വഴുതക്കാട് ഹയാത്ത് റീജൻസി ഹോട്ടലിൽ എത്തി മടങ്ങുമ്പോഴാണ് സംഭവം. ഗവർണർ സർവകലാശാലകളെ കാവിവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഗവർണറുടെ കാറിന് തൊട്ടടത്തു വരെ പ്രവർത്തകർ എത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നേരത്തെ സംസ്ഥാന വ്യാപകമായി സമരം നടത്തിയിരുന്നു. രാജഭവനിലേക്കും വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും മാർച്ചും നടത്തിയിരുന്നു. ഇതേ നിലപാട് ഗവർണർ ആവർത്തിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പരാതി: രാഷ്ട്രപതിയോട് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് ശശികുമാർ പരാതി നല്‍കി. ഇതേ തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സര്‍ക്കാരിനോട് വിശദീകരണം തേടി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജനങ്ങളിൽ കുറ്റവാസന ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആർട്ടിക്കിൾ 360 (1) പ്രകാരം രാഷ്ട്രപതിയോട് കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ശുപാര്‍ശ ചെയ്യണം എന്നായിരുന്നു ഗവർണർക്കയച്ച പരാതിയുടെ ഉള്ളടക്കം.
ALSO READ:'ആരെങ്കിലും അയച്ച കത്തിൽ മറുപടി ചോദിച്ചാൽ വിശദീകരണം നൽകേണ്ടതില്ല': ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
സ്ഥിരം വിസി നിയമനം: സംസ്ഥാനത്തെ സർവകലാശാലകളിലേക്ക് സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികളിലേക്ക് ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. സെർച്ച് കമ്മറ്റിയിലേക്ക് ഇതിന്‍റെ ഭാഗമായി പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് 9 സർവ്വകലാശാലകൾക്ക് ഗവർണർ കത്ത് നൽകും. ചാൻസലറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധി എന്നിങ്ങനെ നിലവിൽ വൈസ് ചാൻസലറെ നിയമിക്കാൻ മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് ആവശ്യം. ഇതിൽ യുജിസിയുടെ പ്രതിനിധിയേയും ചാൻസിലറുടെ പ്രതിനിധിയേയും ഗവർണർക്ക് നൽകാം.
ALSO READ:സർവകലാശാലകളിലെ സ്ഥിരം വിസി നിയമന നടപടിയിലേക്ക് കടക്കാനൊരുങ്ങി ഗവർണർ