തിരുവനന്തപുരം:വിവാഹത്തിന്‍റെ പേരിൽ മതംമാറ്റി തീവ്രവാദത്തിനായി റിക്രൂട്ട് ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാരിനോട് ബിജെപി. പ്രണയ വിവാഹങ്ങൾക്ക് ബിജെപി എതിരല്ലെന്നും മതപരിവർത്തനം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രണയ വിവാഹങ്ങളെ മാത്രമേ എതിർക്കുന്നുള്ളൂവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുകയും ശേഷം അഫ്‌ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും തീവ്രവാദത്തിനായി റിക്രൂട്ട് ചെയ്യുകയാണെന്നും ജോർജ് കുര്യൻ ആരോപിച്ചു. എന്നാൽ ഇത്തരം മതപരിവർത്തനം ഇസ്ലാമിലേക്കല്ലെന്നും നാശത്തിലേക്കാണെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
ശക്തമായ നിയമനിർമാണത്തിലൂടെ മാത്രമേ ലൗ ജിഹാദിനെ വേരോടെ പിഴുതെറിയാനാകൂവെന്നും അതിനാൽ ലൗ ജിഹാദ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണമെന്നും കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ലൗ ജിഹാദ് എന്ന പദം നിർവചിക്കപ്പെട്ടിട്ടില്ലെന്ന് പറയുന്നവർ ഭരണഘടനയിൽ മതം പോലും വിശദീകരിച്ചിട്ടില്ല എന്ന വസ്‌തുത മറക്കരുത്. കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ നിയമനിർമാണം കേരളത്തിലും നടത്തണം. അപ്പോൾ മാത്രമേ മതസമൂഹങ്ങൾ തമ്മിലുള്ള അകലം പാലിക്കപ്പെടുകയുള്ളൂവെന്നും അല്ലാത്ത പക്ഷം ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഉപരിപ്ലവം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: നർക്കോട്ടിക് ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി