തിരുവനന്തപുരം :കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ പ്രമുഖ കൗണ്‍സിലര്‍ കരമന അജിത്ത്, പുനസംഘടനയിലൂടെ കഴിഞ്ഞ ദിവസം ലഭിച്ച ജില്ല വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ജില്ല പ്രസിഡന്‍റ് വി.വി രാജേഷുമായുള്ള (VV Rajesh) അഭിപ്രായഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ജെ.പി അംഗങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ (Trivandrum Corporation) ഉയര്‍ത്തുന്ന വിഷയങ്ങളില്‍ പലതിനോടും വി.വി രാജേഷ് തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നതെന്ന അഭിപ്രായം പാര്‍ട്ടി അംഗങ്ങള്‍ക്കുമുണ്ട്.
'വി.വി രാജേഷ് വിഷയങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല'
തന്നെക്കാള്‍ മറ്റുള്ളവര്‍ വളരുമോ എന്ന ഭയമാണ് രാജേഷിന്‍റെ ഈ ബോധപൂര്‍വമായ നിസംഗതയ്ക്ക് പിന്നിലെന്ന ആരോപണം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രഹസ്യമായി ഉയര്‍ത്തുന്നു. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ഭരണപക്ഷത്തിനെതിരെ ഉയര്‍ത്തുന്ന പല വിഷയങ്ങളും ഏറ്റെടുക്കണമെന്ന ആവശ്യം പലവട്ടം കമ്മിറ്റികളില്‍ ഉയര്‍ത്തിയിട്ടും രാജേഷ് ഇക്കാര്യം ഗൗരവമായെടുക്കുന്നില്ലെന്ന പരാതിയും കൗണ്‍സിലര്‍മാരില്‍ പലര്‍ക്കുമുണ്ട്. ഇത്തവണ കോര്‍പ്പറേഷനില്‍ വനിത മേയര്‍ സ്ഥാനമായിട്ടും രാജേഷ് ബി.ജെ.പിയുടെ ഉറച്ച സീറ്റില്‍ മത്സരത്തിനിറങ്ങിയതിലും പല നേതാക്കള്‍ക്കും അതൃപ്‌തിയുണ്ടായിരുന്നു.