തിരുവനന്തപുരം: " ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപിയുടെ മേയറുണ്ടാകും. അടുത്ത തവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്‍റെ തലസ്ഥാനത്ത് എത്തുമ്പോൾ സ്വീകരിക്കാൻ ബിജെപിയുടെ മേയറുണ്ടാകും". കഴിഞ്ഞ ഒരു മാസം കേരളത്തില്‍ മുഴങ്ങിക്കേട്ട പ്രചാരണ കോലാഹലങ്ങളിലൊന്നായിരുന്നു ഇത്.
ജില്ലാ പ്രസിഡന്‍റിനെ വരെ കോർപ്പറേഷൻ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചപ്പോൾ കേരളത്തിന്‍റെ തലസ്ഥാനം തങ്ങൾ ഭരിക്കുമെന്ന അവകാശ വാദമാണ് ബിജെപി മുന്നോട്ടു വെച്ചത്. പക്ഷേ തിരുവനന്തപുരവും മറ്റൊരു പ്രതീക്ഷയായിരുന്ന തൃശൂർ കോർപ്പറേഷനും അടക്കം എവിടെയും ഭരണത്തിലെത്താനായില്ല. തൃശൂരില്‍ സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെടുകയും ചെയ്‌തു. കൊച്ചി, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളില്‍ കൂടുതല്‍ സീറ്റുകൾ എന്ന പ്രഖ്യാപനവും വെറുതെയായി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ആകെയുണ്ടായിരുന്ന ഒരേ ഒരു സിറ്റിങ് സീറ്റില്‍ മുൻ ജില്ലാ പ്രസിഡന്‍റ് കെ സുരേഷിന്‍റെ പരാജയവും വലിയ തിരിച്ചടിയായി. മോദിഭരണത്തിന്‍റെ നേട്ടങ്ങളും ശബരിമല വിഷയവും മുൻനിർത്തി വോട്ടു ചോദിച്ച ബിജെപിക്ക് അമിത പ്രതീക്ഷകളുടെ ഭാരം വോട്ടായി മാറ്റാനായില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.