തിരുവനന്തപുരം: തലസ്ഥാനത്തെ ദേശീയ പതാക ഉയർത്തൽ വിവാദം നിയമ നടപടികളിലേക്ക്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക തലതിരിച്ചു ഉയർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
Also Read: 'തല തിരിഞ്ഞ' ദേശസ്നേഹം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി കെ. സുരേന്ദ്രൻ
ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസുണ്ട്. ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.ടി രമ, പത്മജ മേനോൻ, സി.ശിവൻകുട്ടി എന്നിവരാണ് ചടങ്ങിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. കെ. സുരേന്ദ്രനാണ് ദേശീയ പതാക ഉയർത്തിയത്. പതാക ഉയർത്തി തുടങ്ങിയപ്പോൾ തന്നെ അബദ്ധം മനസിലായി. തുടർന്ന് പതാക താഴ്ത്തിയ ശേഷം ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.
സി.പി.എം ഫ്ലാഗ് കോഡ് ലംഘിച്ചുവെന്ന് യൂത്ത് കോൺഗ്രസ്, ഇല്ലെന്ന് സി.പി.എം
അതിനിടെ, സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ദേശീയപതാക ഉയർത്തിയത്തിൽ ഫ്ലാഗ് കോഡ് ലംഘനം ഉണ്ടായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പരാതി നൽകി. ദേശീയപതാകയ്ക്ക് ഒപ്പം മറ്റൊരു കൊടിമരത്തിൽ പാർട്ടി പതാകയും ഉണ്ടായിരുന്നു. ദേശീയപതാകയെക്കാൾ പാർട്ടി കൊടിക്ക് പ്രാധാന്യം നൽകിയെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.