തിരുവനന്തപുരം: ഡിവൈഎഫ്ഐ സംഘടിപ്പിച്ച ബിബിസി വിവാദ ഡോക്യുമെന്‍ററി 'ഇന്ത്യ- ദി മോഡി ക്വസ്റ്റ്യന്‍റെ' പ്രദർശന വേളയിൽ യുവമോർച്ച സംഘർഷം. പ്രദർശനം കാണാൻ എത്തിയ പ്രവർത്തകരുടെ വാഹനങ്ങൾ അടക്കം യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു. പ്രദർശനം തടയാൻ എത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം പൂജപ്പുര ഗ്രൗണ്ടിലാണ് വൈകുന്നേരം ആറ് മണിയോടെ ഡിവൈഎഫ്ഐ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ പ്രദർശനം തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചിരുന്നു. യുവമോർച്ച ഡിവൈഎഫ്ഐ സംഘർഷം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വൻ പൊലീസ് സന്നഹമായിരുന്നു സംഭവ സ്ഥലത്ത് സാന്നിധ്യം ഉറപ്പിച്ചിരുന്നത്.
പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞെങ്കിലും സംഘർഷവും മുദ്രാവാക്യവുമായി യുവമോർച്ച പ്രവർത്തകർ സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടാക്കുകയായിരുന്നു പിന്നാലെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഭവ സ്ഥലത്ത് യുവ മോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം സംഘർഷം നടന്നു. രാജ്യത്ത് ഡോക്യുമെന്‍ററിയുടെ മേൽ വിവാദങ്ങളും ചർച്ചകളും ഉണ്ടാവുകയും ബാൻ ചെയ്യുകയും ചെയ്‌തതിന് പിന്നാലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ സംസ്ഥാനത്തുടനീളം ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.