തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയും മോദിയും ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.
ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാന്‍ നോക്കുകയാണ് കേന്ദ്രം. കേന്ദ്ര ഏജന്‍സികളെ വിട്ടിരിക്കുന്നത് സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണെന്നും കോടിയേരി ആരോപിച്ചു. ജനകീയ സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.