കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ധനമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് അതാണെന്നും ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ബജറ്റിനെ മാതൃകയാക്കി കേരള ബജറ്റ് അവതരിപ്പിക്കണം. കേന്ദ്ര ബജറ്റ് എല്ലാ സംസ്ഥാനങ്ങളോടും നീതി പുലർത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും വിമർശിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബജറ്റ് ശരിയായി മനസിലാക്കാതെയാണ് വിമർശനം.
കേന്ദ്ര ബജറ്റ് മാതൃകാപരം: 'എയിംസ് ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല. കേരളത്തിന് 19,662.88 കോടി രൂപ ബജറ്റിൽ അനുവദിച്ചു. മോദി സർക്കാരിന്‍റെ സഹായം കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടാത്തത്. കേന്ദ്ര ബജറ്റ് മാതൃകാപരമായ ബജറ്റാണ്. കേന്ദ്ര ബജറ്റിനെ വിമർശിക്കുന്നത് തികഞ്ഞ രാഷ്‌ട്രീയമാണ്. ഈ ബജറ്റ് കണ്ട് പഠിച്ച് വേണം നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കേണ്ടത്', കെ സുരേന്ദ്രന്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ 9 വർഷം കൊണ്ട് 9 ലക്ഷം കോടി രൂപ അനുവദിച്ചു. കഴിഞ്ഞ 9 വർഷം കേരളത്തെ അവഗണിച്ചു എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു പാർട്ടിക്ക് ഒരു സമരം നടത്തേണ്ടി വന്നിട്ടുണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിനൊന്നും ലഭിച്ചില്ലെന്ന പ്രസ്‌താവന കണ്ണടച്ച് ഇരുട്ടാക്കലാണ്. സംസ്ഥാനത്തിന് ദൂർത്ത് അടിക്കാൻ കഴിയുന്നത് കേന്ദ്രം സഹായിക്കുന്നത് കൊണ്ടാണ്. വിലക്കയറ്റം തടയാൻ സംസ്ഥാനത്ത് സർക്കാരിന് പദ്ധതി ഇല്ല. വിപണിയിൽ ഇടപെടാൻ സർക്കാരിന് പദ്ധതിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
വിവേചന രഹിതമായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. യുപിഎ സർക്കാറിന്‍റെ 10 വർഷവും എൻഡിഎ സർക്കാറിന്‍റെ 9 വർഷവും തമ്മിൽ താരതമ്യം ചെയ്യാൻ ധനമന്ത്രിക്ക് നട്ടെല്ല് ഉണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. ബിജെപി സംസ്ഥാന സമിതി യോഗം ഫെബ്രുവരി 4ന് കൊച്ചിയിൽ ചേരുമെന്നും സുരേന്ദ്രൻ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി പ്രതിഷേധം: ജനദ്രോഹ നടപടികളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. പാർട്ടിയുടെ പുതിയ നയ പരിപാടികൾ ചർച്ച ചെയ്യും. ഭാരത് ജോഡോ യാത്രയിൽ നിന്ന് സിപിഎം വിട്ടുനിന്നത് കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ ആരോഗ്യം രക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അസമത്വങ്ങൾക്ക് പരിഹാര മാർഗങ്ങളൊന്നും തേടാത്തതും കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേത്. കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റെയിൽ വികസനം ഇവയൊന്നും ഉൾപ്പെടുത്താതെ ആയിരുന്നു ബജറ്റ് പ്രസംഗം. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ അപകടത്തിലെന്ന് സുരേന്ദ്രന്‍: മാധ്യമപ്രവർത്തകർ അപകടത്തിലാണെന്നും കൂട്ടത്തില്‍ ആരെങ്കിലും തീവ്രവാദികൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ടോയെന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 'കാപ്പൻ ജയിൽ മോചിതനായതിന്‍റെ സന്തോഷത്തിലാണല്ലോ. എന്‍റെ പേടി കാപ്പന് പകരം ഇവിടെ നിന്നാരെങ്കിലും കേറുമോ എന്നുള്ളതാണ്' സുരേന്ദ്രൻ പറഞ്ഞു. തന്‍റെ പണി ഇതൊന്നും അന്വേഷിച്ച് നടക്കലല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
27 മാസത്തെ തടവിന് ശേഷം ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ജില്ല ജയിലില്‍ നിന്നും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മോചിതനായതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.