തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രത്യേക സാഹചര്യം വരുമ്പോഴേല്ലാം തീപിടിത്തം ഉണ്ടാകുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. വ്യവസായ മന്ത്രിയുടെ അഡിഷണൽ പിഎസ് പാർട്ടിയുടെ സെക്രട്ടേറിയറ്റിലെ മുഖങ്ങളിൽ ഒന്നാണ്. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ കാമറയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഓഫിസിൽ തന്നെ തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ല. കെൽട്രോണിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നതിന് ശേഷമാണ് തീപിടിത്തമുണ്ടായത്. ഇത് ആസൂത്രിതമായ തീപിടിത്തമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം സെക്രട്ടേറിയറ്റില്‍ ഇതിന് മുമ്പും തീപിടിച്ചിട്ടുണ്ട് അതുപോലെ ഇടിവെട്ടിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി മനപൂര്‍വം തീകൊളുത്തിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വാഭാവികമായും മന്ത്രിയുടെ ഓരോ ഫയലുകളും അദ്ദേഹത്തിന്‍റെ പിഎയുടെ കൈകളിലൂടെയാണ് കടന്ന് പോകുന്നത്. മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്‌സ്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖമാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഇന്നലെ കെല്‍ട്രോണിന്‍റെ ഓഫിസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയുണ്ടായി.
അതിന്‍റെ അടുത്ത ദിവസം തന്നെ മന്ത്രിയുടെ ഓഫിസില്‍ തീപിടിക്കുന്നത് എന്ത് പ്രതിഭാസമാണെന്ന് പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടങ്ങിയ ഉടൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥലം മാറ്റി. എന്തിനായിരുന്നു ഈ തിരക്ക്.
സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം നേരിടാൻ സർക്കാർ തയ്യാറാകണം. പുതിയ അവതാരമാണ് പ്രകാശ് ബാബു. എഐ കാമറയുടെ പ്രത്യേക മീറ്റിങ്ങുകളിൽ എല്ലാം പ്രത്യക്ഷപ്പെട്ട ഇയാളുടെ ബന്ധം എന്താണ്. ശിവശങ്കറിനെ പോലെ സത്യസന്ധനായ ഓഫിസർ ഇല്ലെന്ന് മുൻപ് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രകാശ് ബാബു എല്ലാത്തിലും ബന്ധപ്പെടുന്നതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.