തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം. ഇതിനായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വസ്‌തുതയ്‌ക്ക് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം പൊതു സാമൂഹ്യ പ്രശ്‌നങ്ങൾ കൂട്ടായി നിന്ന് പരിഹരിക്കേണ്ടതാണ്. അതിൽ രാഷ്‌ട്രീയം കാണുന്നത് ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.
ബ്രഹ്മപുരത്തെ മാലിന്യം തരംതിരിക്കുന്നത് ഉൾപ്പെടെ വിവിധ ജോലികൾക്ക് ആഗോള ടെണ്ടർ വിളിച്ചാണ് കുറഞ്ഞ നിരക്ക് കോട്ട് ചെയ്‌ത കമ്പനിക്ക് കരാർ നൽകിയത്. ആർക്കും ഉപകരാർ നൽകിയിട്ടില്ല. കരാര്‍ എടുത്ത കമ്പനിക്ക് യന്ത്രങ്ങൾ വാടകയ്‌ക്ക് എടുക്കാമെന്ന് മാത്രമാണ് വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ് കരാർ നൽകിയത്. കരാർ പ്രകാരമുള്ള ജോലികളിൽ വീഴ്‌ച നടത്തിയതായി തെളിഞ്ഞാൽ കമ്പനിക്കെതിരെ കർശനമായ നടപടിയെടുക്കുന്നതിനും കോർപറേഷന് മുന്നിൽ തടസങ്ങളൊന്നുമില്ല.
സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല:സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും കോർപറേഷനും ഇക്കാര്യങ്ങൾ സംശയത്തിന് ഇടനൽകാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച് തന്നെ ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. സർക്കാരിന് മുന്നിൽ ഒന്നും ഒളിക്കാനില്ല എന്ന് തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 2016ലെ കേന്ദ്ര മാലിന്യ ചട്ടം കേരളം പാലിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്നില്ലെന്നും ജാവദേക്കർ പറഞ്ഞതും പച്ചക്കള്ളമാണ് എന്നും സിപിഎം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്ര ചട്ടങ്ങൾ 2016 മുതൽ തന്നെ കേരളം നടപ്പാക്കിയതാണ്. കേന്ദ്ര ചട്ടങ്ങൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന സാമാന്യ ധാരണയെങ്കിലും ജാവദേക്കർക്ക് ഉണ്ടാവേണ്ടതായിരുന്നു. സ്വച്ഛ് ഭാരതും കേരളത്തിൽ മികച്ച നിലയിൽ നടപ്പാക്കി വരുന്നു. ബ്രഹ്മപുരം തീപിടിത്തം സിബിഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കറിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരിക്കുകയാണ്.