കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപിയിൽ ഉൾപ്പോര് രൂക്ഷം - തദ്ദേശഭരണ തെരഞ്ഞെടുപ്പ്

മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.വേലായുധനും സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ രംഗത്തു വന്നത് താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്കുള്ള ഐക്യദാര്‍ഡ്യമായി ശോഭ സുരേന്ദ്രന്‍ കരുതുന്നു.

Bjp inner issues affects local body elections  തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപിയിൽ ഉൾപ്പോര് രൂക്ഷം  ബിജെപിയിൽ ഉൾപ്പോര് രൂക്ഷം  വി മുരളീധരൻ  കെ സുരേന്ദ്രൻ  ശോഭ സുരേന്ദ്രൻ  തദ്ദേശഭരണ തെരഞ്ഞെടുപ്പ്  local body elections
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപിയിൽ ഉൾപ്പോര് രൂക്ഷം

By

Published : Nov 4, 2020, 4:17 PM IST

Updated : Nov 4, 2020, 5:16 PM IST

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കുന്നതിനിടെ പാളയത്തിലെ പട ബിജെപി സംസ്ഥാന നേതൃത്വത്തെ തിരിഞ്ഞു കൊത്തുന്നു. നേതൃത്തിനെതിരെ വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ കൊളുത്തിയ അഗ്നി അസംതൃപ്ത വിഭാഗങ്ങളിലേക്ക് പടരുന്നതിന്‍റെ സൂചനകളാണ് പുറത്തു വരുന്നത്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.വേലായുധനും സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ രംഗത്തു വന്നത് താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്കുള്ള ഐക്യദാര്‍ഡ്യമായി ശോഭ സുരേന്ദ്രന്‍ കരുതുന്നു.

ബിജെപി സംസ്ഥാന ട്രഷറര്‍ ജെ.ആര്‍ പത്മകുമാര്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ശ്രീശന്‍ എന്നിവരും വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തു വരാനുള്ള സാധ്യതയേറി. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം എതിര്‍ ചേരിയിലുള്ളവരെ തീര്‍ത്തും അവഗണിച്ചുവെന്ന പരാതിയാണ് ഈ അസംതൃപ്ത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന തന്നെ സമ്മതമില്ലാതെ പാര്‍ട്ടി വൈസ് പ്രസിഡന്‍റായി ഒതുക്കിയെന്നാണ് ശോഭ സുരേന്ദ്രന്‍റെ പരാതി.

ഏറെ നാളത്തെ മൗനം വെടിഞ്ഞാണ് ശോഭ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. വൈസ് പ്രസിഡന്‍റ് പദം വാഗാദ്‌നം ചെയ്ത ശേഷം തന്നെ തീര്‍ത്തും തഴഞ്ഞുവെന്നാണ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും പാര്‍ട്ടിയിലെ ദലിത് മുഖവുമായ പി.എം.വേലായുധന്‍റെ ആരോപണം. കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റായിരിക്കെ പാര്‍ട്ടി വക്താവ് സ്ഥാനത്തായിരുന്ന പത്മകുമാറിനെ ഇപ്പോഴത്തെ പുനഃസംഘടനയില്‍ സംസ്ഥാന ട്രഷററാക്കിയെങ്കിലും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അദ്ദേഹത്തിന് ഓഫീസ് പോലും നല്‍കാതെ മാറ്റി നിർത്തി.

മറ്റൊരു സംസ്ഥാന വക്താവായിരുന്ന എം.എസ്.കുമാര്‍ നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് സജീവ രാഷ്ട്രീയം അവവസാനിപ്പിച്ചു. സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വരെ ഒരു ഘട്ടത്തില്‍ പരിഗണിച്ചിരുന്ന കെ.പി ശ്രീശനെയാകട്ടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും വെട്ടിനിരത്തി. കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ മൗനാനുവാദത്തോടെയാണ് കെ.സുരേന്ദ്രന്‍ ഇതെല്ലാം ചെയ്യുന്നതെന്ന പരാതിയാണ് അസംതൃപ്തരായ എല്ലാ നേതാക്കള്‍ക്കുമുള്ളത്. മുതിര്‍ന്ന നേതാവായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വത്തിലേക്കുയര്‍ത്തുമെന്നു കരുതിയെങ്കിലും അദ്ദേഹത്തെ തഴഞ്ഞു. പകരം ദേശീയ ഉപാദ്ധ്യക്ഷ പദത്തിലെത്തിയത് അടുത്തയിടെ ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടി. ഇതിന്‍റെയെല്ലാം ചരടുവലി വി.മുരളീധരനാണെന്നാണ് കുമ്മനം,കൃഷ്ണദാസ് പക്ഷങ്ങളുടെ ആരോപണം.

ബിജെപിയുടെ ദീര്‍ഘകാലമായുള്ള ജനറല്‍ സെക്രട്ടറിയും മുരളീധരവിരുദ്ധനുമായ എ.എന്‍ രാധാകൃഷ്ണനെ ഇപ്പോഴത്തെ പുനഃസംഘടനയില്‍ വൈസ് പ്രസിഡന്‍റാക്കി ഒതുക്കിയെങ്കിലും അദ്ദേഹം ശക്തമായി എതിര്‍പ്പുയര്‍ത്തിയപ്പോള്‍ സംസ്ഥാന കോര്‍ കമ്മിറ്റി അംഗമാക്കി. രണ്ടു പക്ഷത്തുമില്ലാതെ സ്വതന്ത്രയായി നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ കൂടുതല്‍ അസംതൃപ്തരെ സംഘടിപ്പിച്ച് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ്, സി.പി.എം നേതൃത്വങ്ങളുമായി അസംതൃപ്തരിലെ ചിലര്‍ ചര്‍ച്ച നടത്തുന്നുവെന്ന സൂചനകളുമുണ്ട്. ബിജെപിയുടെ കേരളത്തിലെ വനിതാ മുഖമായി അവതരിപ്പിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രനെ ഒതുക്കുന്നതിനെതിരെ സംഘപരിവാര്‍ ബന്ധമുള്ള സൈബര്‍ ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തിറക്കിയത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിനാകെ ഇതു മങ്ങലേല്‍പ്പിക്കുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്.

കൃഷ്ണദാസും എം.ടി രമേശും കുമ്മനം രാജശേഖരനുമെല്ലാം അസംതൃപ്തരുടെ പട്ടികയിലാണെങ്കിലും ശോഭയുടെ നീക്കങ്ങള്‍ക്ക് തത്കാലം ഇവരുടെ പിന്തുണയില്ല. പക്ഷേ മുരളീധരന്റെയും സുരേന്ദ്രന്‍റെയും അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ഇവര്‍ കൈകോര്‍ത്താല്‍ അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കും. പാര്‍ട്ടിയിലെ ഈ ഗ്രൂപ്പുപോരില്‍ ബലിയാടാക്കപ്പെട്ട നിരവധിപേര്‍ ഇപ്പോള്‍ പ്രത്യേകിച്ചും തലസ്ഥാന ജില്ലയിലുള്ളവര്‍ പാര്‍ട്ടി വിടുന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇതിനെയെല്ലാം അതിജീവിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം എങ്ങനെയെന്നതണ് ബിജെപിയെ കുഴയ്ക്കുന്ന പ്രശ്നവും.

Last Updated : Nov 4, 2020, 5:16 PM IST

ABOUT THE AUTHOR

...view details