കേരളത്തിലെ ബിജെപിക്ക് ഒ രാജഗോപാല്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാമെല്ലാമാണ്... ബിജെപിക്ക് നിയമസഭയില്‍ ഒരു അക്കൗണ്ട് തുറക്കാൻ വർഷങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടം നടത്തിയിട്ടും കഴിയാതെ വന്നപ്പോൾ ഒ രാജഗോപാലാണ് അത് നേടിയെടുത്തത്. 2016ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ നിന്ന് കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എയായി ഒ രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിലെ ബിജെപിക്ക് ലഭിച്ച മൈലേജ് ചെറുതല്ല. അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വരുമ്പോൾ ഒ രാജഗോപാല്‍ മത്സര രംഗത്തില്ല. നേമത്ത് ബിജെപി സ്ഥാനാർഥിയായി മിസോറാം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മരം രാജശേഖരനാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമല്ലെങ്കിലും അഭിപ്രായ പ്രകടനങ്ങളുമായി ഒ രാജഗോപാല്‍ കേരളത്തിന്‍റെ പൊതു മണ്ഡലത്തില്‍ സജീവമാണ്. കേരളത്തില്‍ ഏത് തെരഞ്ഞെടുപ്പിലും ഉയർന്നു വരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നാണ് വോട്ടുകച്ചവടം. അത് കോൺഗ്രസും സിപിഎമ്മും ബിജെപിയും പരസ്‌പരം ഉന്നയിക്കുന്നതാണ് പതിവ് രീതി.
ഇത്തവണ പതിവില്‍ നിന്ന് ചെറിയൊരു വ്യത്യാസമുണ്ടായി. വോട്ടുകച്ചവടം നടക്കുന്നുണ്ടെന്നും നേരത്തെ നടന്നിട്ടുണ്ടെന്നും പറഞ്ഞ് ഒ രാജഗോപാല്‍ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ തന്നെ പരസ്യമായി രംഗത്ത് എത്തിയതാണ് ഇത്തവണത്തെ പ്രത്യേകത. മുൻ കാലങ്ങളില്‍ വെറും ആരോപണ പ്രത്യാരോപണമായിരുന്നത് ഇന്ന് പരസ്യ സമ്മതമായി മാറിയിരിക്കുന്നു. കോൺഗ്രസ് -ലീഗ്- ബിജെപി സഖ്യം ഉണ്ടായിട്ടുണ്ടെന്നും മലബാർ മേഖലയില്‍ അത് ശക്തമായിരുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു. നേതൃത്വത്തിന്‍റെ അനുമതിയോടെ പ്രാദേശിക തലത്തിലായിരുന്നു ധാരണയെന്നും ഒ രാജഗോപാല്‍ പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്‌ജസ്റ്റ്മെന്‍റ് വേണ്ടി വരും. അഡ്‌ജസ്റ്റ്മെന്‍റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ പറയുന്നുണ്ട്.