തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വായ്‌പ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് വിജിലന്‍സിന് ബിജെപി കൗണ്‍സിലറുടെ പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനറല്‍ വിഭാഗത്തില്‍പെട്ട വനിത സ്വയംസഹായ വായ്‌പ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ചാണ് ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കോര്‍പ്പറേഷനിലെ തന്നെ പട്ടികജാതി സ്വയംസഹായ വായ്പയില്‍ നടന്ന തട്ടിപ്പ് നിലവില്‍ മ്യൂസിയം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പരാതിയെത്തുന്നത്.
ജനറല്‍ വിഭാഗത്തിലും തട്ടിപ്പെന്ന് പരാതി:അര്‍ഹതപ്പെട്ടവര്‍ക്ക് വായ്പ നല്‍കാതെ പല സംഘങ്ങളില്‍ നിന്നായി 3.57 കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റ് വിഭാഗം സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയതായും പരാതിയില്‍ പറയുന്നു. വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണ ബാങ്കിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കോര്‍പ്പറേഷനില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചെങ്കിലും ബാങ്ക് ഇക്കാര്യം തിരിച്ചറിഞ്ഞ് ഇടപെട്ടതിനാലാണ് ഇത് തടയാനായത്. അതേസമയം മുട്ടത്തറ, കോവളം സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും കേരള ബാങ്കില്‍ നിന്നും വായ്പ നല്‍കാതെ ഇത്തരത്തില്‍ സബ്‌സിഡി തട്ടിയെടുത്തതായും പരാതിയുണ്ട്.
Also Read: തിരുവനന്തപുരം നഗരസഭയിലെ കെട്ടിടനമ്പര്‍ തട്ടിപ്പുകേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കേസില്‍ നിലവില്‍ പിടിയിലായിട്ടുള്ള സിന്ധു 2015-16 കാലയളവില്‍ കേര്‍പ്പറേഷനിലെ പട്ടികജാതി, പട്ടിക വര്‍ഗ പ്രൊമോട്ടറായിരുന്നു. ഇക്കാലയളവില്‍ കോര്‍പ്പറേഷനിലെയും വ്യവസായ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ തട്ടിപ്പു നടന്നിട്ടുണ്ടാവാമെന്നും പരാതിയില്‍ സംശയമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം നിലവില്‍ കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസിന്റെ പരിധിയിലില്ലെന്നും ഇതുകൂടി ഉള്‍പ്പെടുത്തി ജനകീയാസൂത്രണം വഴി വിതരണം ചെയ്ത വായ്പകളിലെ തട്ടിപ്പുകള്‍ സമഗ്രമായി അന്വേഷിക്കണമെന്നാണ് അജിത്ത് വിജിലന്‍സിന് നല്‍കിയ പരാതിയിലെ ആവശ്യം.
അതേസമയം പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പിടിയിലായ തിരുവല്ലം സ്വദേശികള്‍ സിന്ധുവും അജിതയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. സിന്ധുവും അജിതയും തട്ടിപ്പു നടത്തുന്നതായി മനസ്സിലാക്കിയ പട്ടികജാതി മനുഷ്യാവകാശ സംഘടന നേതാക്കളില്‍ ചിലര്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഇവരുടെ പക്കള്‍ നിന്നും പണം തട്ടിയെടുത്തതായും വിവരങ്ങളുണ്ട്.
ഇവരെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിനെത്തുടര്‍ന്ന് സിന്ധുവിന്റെയും അജിതയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. മാത്രമല്ല, ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ ആരുടേതൊക്കെയാണെന്നും അന്വേഷണം നടക്കുന്നുണ്ട്.