തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക സമരങ്ങൾ ശക്തിപ്പെട്ടതോടെ ജനസമ്പർക്ക പരിപാടിയുമായി ബിജെപി. ഗൃഹ സന്ദർശനത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജ്‌ജുവിനോട് മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കിയുള്ള നിയമത്തിൽ വിയോജിപ്പ് അറിയിച്ച് എഴുത്തുകാരൻ ജോർജ്ജ് ഓണക്കൂർ.
വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് അറിയിച്ച് ജോർജ്ജ് ഓണക്കൂർ - george onakkoor
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി സമരങ്ങൾ ശക്തിപ്പെട്ടതോടെയാണ് ബിജെപി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ജനസമ്പർക്ക പരിപാടികളുമായി വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയാണ് ബിജെപി.
ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്‍റെ വീട്ടിൽ കേന്ദ്രമന്ത്രി എത്തിയപ്പോഴാണ് നിയമത്തിലുള്ള അതൃപ്‌തി അദ്ദേഹം വ്യക്തമാക്കിയത്. പൗരത്വത്തിന് ശക്തമായ നിയമം വേണം. എന്നാൽ അതിൽ മുസ്‌ലിം വിഭാഗങ്ങളെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള ഭേദഗതിയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും ജോർജ് ഓണക്കൂർ വ്യക്തമാക്കി.
കൂടിക്കാഴ്‌ചക്ക് ശേഷം ജോർജ് ഓണക്കൂറിന്‍റെ പരാമർശത്തെ കുറിച്ച് കേന്ദ്രമന്ത്രിയോട് ചോദിച്ചപ്പോൾ ജനാധിപത്യരാജ്യത്ത് എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു പ്രതികരണം. പത്ത് വീടുകളിൽ കൂടി സന്ദർശനം നടത്തും എന്ന് അറിയിച്ചിരുന്നെങ്കിലും ഒരു വീട്ടിൽ മാത്രമാണ് കേന്ദ്രമന്ത്രി തുടർന്ന് സന്ദർശനം നടത്തിയത്.