തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി. കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് തെറ്റായ പേരും വിലാസവുമാണ് നല്‍കിയിരിക്കുന്നത്.
കാട്ടക്കട നെയ്യാര്‍ മെഡിസിറ്റിയിലായിരുന്നു അനുപമയുടെ പ്രസവം നടന്നത്. കാട്ടാക്കട പഞ്ചായത്തില്‍ നിന്നും ലഭിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അനുപമയുടെ കുട്ടിയുടെ അച്ഛന്‍റെ പേര് സി. ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഹിണി നിവാസ്, എം.ആര്‍എ, മണക്കാട് എന്ന വിലാസമാണ് രേഖകളില്‍ നല്‍കിയിരിക്കുന്നത്.
അനുപമയുടെ അച്ഛന്‍റെ പേര് ജയചന്ദ്രനെന്നാണ്. ഈ പേരില്‍ ചെറിയ മാറ്റം വരുത്തി ജയകുമാര്‍ എന്നാക്കി. ഇത്തരമൊരു വിലാസം മണക്കാട് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് ഈ രേഖയില്‍ നിന്ന് വ്യക്തമായി.
ALSO READ :"ഓര്‍മിക്കാൻ വയ്യ ദുരിതകാലം, കുഞ്ഞിനെ തിരിച്ചുകിട്ടും", പ്രതീക്ഷയോടെ അനുപമ: പ്രത്യേക അഭിമുഖം
പ്രസവത്തിനായി അനുപമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ളള ഗൂഡാലോചന വ്യക്തമാക്കുന്നതാണ് വ്യാജപേരും വിലാസവും നല്‍കിയുള്ള രജിസ്ട്രേഷന്‍. സിപിഎം നേതാവായ പിതാവ് ജയചന്ദ്രന്‍റെ സ്വാധീനത്തിലാണ് ഇത്തരം പ്രവർത്തികൾ നടന്നതെന്നാണ് ആരോപണം.