വളർത്തുപക്ഷികളെ ദയാവധം ചെയ്‌തു തുടങ്ങി തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പക്ഷികളെ കൊന്നുതുടങ്ങി. കോഴി, താറാവ് ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളെയാണ് കൊല്ലുന്നത്. ഭോപ്പാല്‍ എന്‍.ഐ.എച്ച്.എസ്.എ.ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജങ്‌ഷൻ വാര്‍ഡിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്. റെയില്‍വേ സ്റ്റേഷന്‍, പഞ്ചായത്ത് ഓഫിസ്, കൃഷ്‌ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാര്‍ഡുകളിലാണ് നടപടി. പക്ഷികളെ കൊന്ന് മുട്ട, ഇറച്ചി, കാഷ്‌ഠം, തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കും.
റവന്യൂ, ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പക്ഷികളെ കൊല്ലുകയും അവശിഷ്‌ടങ്ങള്‍ ശാസ്‌ത്രീയമായി നശിപ്പിക്കുകയും ചെയ്യുന്നത്. അഴൂര്‍ പഞ്ചായത്തിലെ 15ആം വാര്‍ഡിലുള്ള സ്വകാര്യ പോള്‍ട്രി ഫാമിലാണ് കോഴികളും താറാവുകളും കൂട്ടത്തോടെ ചത്തത്. തുടര്‍ന്നാണ് ഭോപ്പാല്‍ എന്‍.ഐ.എച്ച്.എസ്.എ.ഡി ലാബിലേക്ക് പരിശോധനക്ക് അയച്ചത്.
ഇതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. പക്ഷിപ്പനി സാധാരണയായി മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ വൈറസിലെ മ്യൂട്ടേഷന്‍ കാരണം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ബാധിക്കാം. അതിനാല്‍, പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പ്രത്യേകിച്ച് രോഗബാധിതരും ആരോഗ്യമുള്ളവരും കയ്യുറകള്‍ ധരിക്കുക, മുഖംമൂടികള്‍ ധരിക്കുക, ഇടയ്‌ക്കിടെ കൈ കഴുകുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
കൊന്നൊടുക്കുന്ന വളര്‍ത്തു പക്ഷികളില്‍ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ളവര്‍ക്ക് 100 രൂപയും രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് 200 രൂപയുമാണ് നഷ്‌ടപരിഹാരം. മുട്ടയൊന്നിന് എട്ട് രൂപയും തീറ്റ കിലോയ്‌ക്ക് 22 രൂപയും നൽകും.