കേരളം

kerala

ETV Bharat / state

പക്ഷിപ്പനി; അഴൂരിൽ 3500 ഓളം വളർത്തുപക്ഷികളെ ദയാവധം ചെയ്‌തു - trivandrum latest news

പക്ഷിപ്പനി കണ്ടെത്തിയ തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ പെരിങ്ങുഴിയിലാണ് ആദ്യഘട്ടമായി 3500 ഓളം വളർത്തുപക്ഷികളെ ദയാവധം ചെയ്‌തത്.

അഴൂർ പക്ഷിപ്പനി  തിരുവനന്തപുരം  അഴൂർ  പക്ഷിപ്പനി  azhur  bird flu Azhur  trivandrum local news  trivandrum latest news  trivandrum
അഴൂർ പക്ഷിപ്പനി

By

Published : Jan 10, 2023, 8:14 PM IST

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ പെരിങ്ങുഴിയിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി മൃഗസംരക്ഷണ വകുപ്പ്. ഇന്നലെയും ഇന്നുമായി 3500 ഓളം വളർത്തുപക്ഷികളെ ദയാവധം ചെയ്‌തു. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്.

ഇന്നലെ (09.01.2023) ആരംഭിച്ച ദയാവധവും അണുനശീകരണവും ഇന്ന് ഉച്ചയോടെ പൂർത്തിയായി. അതിനുശേഷം ഏതെങ്കിലും പക്ഷികളെ വിട്ടുപോയിട്ടുണ്ടോ എന്നറിയാൻ പരിശോധനയും നടന്നു. ആരെങ്കിലും പക്ഷികളെ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നറിയാൻ നാളെ വിശദമായ പരിശോധന നടത്താനാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം.

രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ പരിധി ഇൻഫെക്‌ടഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ മേഖലയിൽ 90 ദിവസത്തേക്ക് ഇറച്ചി, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ഒമ്പത് കിലോമീറ്റർ മേഖലയെ നിരീക്ഷണ മേഖലയാക്കി. ഈ മേഖലയിൽ പാചകം ചെയ്‌ത ഇറച്ചി ഉപയോഗിക്കാം.

ഒമ്പത് കിലോമീറ്റർ പരിധിയിൽ നിന്നും ജീവനോടെയുള്ള പക്ഷികളുടെ കൈമാറ്റം പൂർണമായും നിരോധിച്ചിട്ടുണ്ട്. മുട്ട കാഷ്‌ടം എന്നിവയും ഈ മേഖലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. ഒമ്പത് കിലോമീറ്റർ പരിധിക്ക് അകത്തുള്ള പക്ഷികൾക്കുള്ള തീറ്റകൾ എത്തിക്കാം. 90 ദിവസത്തെ സമയപരിധിക്ക് ശേഷം വീണ്ടും വിശദമായ പരിശോധന നടത്തും. ഇതിനുശേഷമാകും നിയന്ത്രണങ്ങൾ നീക്കുക.

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിൽ മൃഗസംരക്ഷണ വകുപ്പ് നാളെ ആദ്യഘട്ട സാനിറ്റൈസേഷൻ നടത്തും. അതിനുശേഷം ഫയർഫോഴ്‌സുമായി ചേർന്ന് ഒരു കിലോമീറ്റർ പരിധിയിൽ വ്യാപകമായി സാനിറ്റൈസേഷൻ നടത്തുന്നതും മൃഗസംരക്ഷണ വകുപ്പിന്‍റെ പരിഗണനയിലുണ്ട്. കൊന്നൊടുക്കിയതും നശിപ്പിച്ചതും ആയ പക്ഷികൾക്കും മുട്ടകൾക്കും കർഷകർക്ക് നഷ്‌ടപരിഹാരം ലഭിക്കും.

രണ്ടുമാസത്തിന് മുകളിൽ പ്രായമുള്ള കോഴി താറാവ് എന്നിവയ്ക്ക് 200 രൂപയും ചെറിയ പക്ഷികൾക്ക് 100 രൂപയുമാണ് നഷ്‌ടപരിഹാരം. മുട്ട ഒന്നിന് അഞ്ചു രൂപയും നശിപ്പിക്കപ്പെട്ട തീറ്റയ്ക്ക് 12 രൂപ നിരക്കിലുമാണ് നഷ്‌ടപരിഹാരം ലഭിക്കുക.

ABOUT THE AUTHOR

...view details