തിരുവനന്തപുരം:ട്രഷറി തട്ടിപ്പു കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതി ബിജുലാലിനെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ ആകും ചോദ്യം ചെയ്യുക. വിരമിച്ച ഉദ്യോഗസ്ഥൻ്റെ പിൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് 27,99,900 രൂപ ജില്ലാകലക്ടറുടെ അക്കൗണ്ടിൽ നിന്നും മാറ്റി എന്നാണ് കേസ്. സൈബർ തട്ടിപ്പ് ആയതിനാലാണ് ഇക്കാര്യങ്ങളിൽ വിദഗ്ധരായ സംഘത്തെ കൂടി ചോദ്യംചെയ്യലിൽ ഉൾപ്പെടുത്തിയത്. നേരത്തെ അന്വേഷണ സംഘത്തിലും സൈബർസെല്ലിലെ രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരുന്നു. വഞ്ചിയൂർ ട്രഷറിയിലെ കൂടുതൽ ജീവനക്കാർക്ക് തട്ടിപ്പ് സംബന്ധിച്ച് പങ്കാളിത്തം ഉണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങി ബിജുലാലിനെ ചോദ്യം ചെയ്യുന്നത്.
ട്രഷറി തട്ടിപ്പ്; ബിജുലാലിനെ അന്വേഷണസംഘം ചോദ്യം ചെയ്യും - ട്രഷറി തട്ടിപ്പ്
വഞ്ചിയൂർ ട്രഷറിയിലെ കൂടുതൽ ജീവനക്കാർക്ക് തട്ടിപ്പില്‍ പങ്കാളിത്തം ഉണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക
കഴിഞ്ഞ വർഷം ഡിസംബർ മുതൽ തട്ടിപ്പ് നടത്തിയിട്ടും വിവരങ്ങൾ പുറത്തു വരികയോ യാതൊരുവിധ നടപടിയും സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് ട്രഷറിയിലെ മറ്റ് ഉദ്യോഗസ്ഥർക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്ന സംശയത്തിന് ഇടം നൽകുന്നത്. തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിജുലാലും ഭാര്യ സിമിയുമാണ് പ്രതികൾ. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്കാണ് ബിജുലാൽ ആദ്യം മാറ്റിയത്. ഇതേതുടർന്നാണ് ഭാര്യയെ കൂടി കേസിൽ പ്രതിയാക്കിയത്. എന്നാൽ സിമിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കസ്റ്റഡിയിൽ ബിജുലാലിനെ ചോദ്യം ചെയ്യുന്നതിനു മുമ്പ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനും അന്വേഷണസംഘം തയ്യാറെടുക്കുകയാണ്. ബിജുലാൽ ജോലിചെയ്തിരുന്ന വഞ്ചിയൂർ ട്രഷറിയിലും വീട്ടിലുമായിരിക്കും പ്രധാനമായും തെളിവെടുപ്പ്.
TAGGED:
ട്രഷറി തട്ടിപ്പ്