തിരുവനന്തപുരം: കെടിഡിഎഫ്‌സിയുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഉത്തരവാദി കെഎസ്ആർടിസി ആണെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് സിഎംഡി ബിജു പ്രഭാകർ (Biju Prabhakar About KTDFC Financial Crisis). നിലവിൽ അദ്ദേഹം അവധിയിലാണ്. വർഷങ്ങൾക്കു മുൻപ് എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയാണ് കെടിഡിഎഫ്‌സിയുടേതെന്നും (Kerala Transport Development Finance Corporation-KTDFC) ബിജു പ്രഭാകർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
കാലങ്ങളായി സർക്കാർ കെഎസ്ആർടിസിക്ക് നേരിട്ട് പണം നൽകുന്നതിന് പകരം ബസ് വാങ്ങാനും ശമ്പളത്തിനുമൊക്കെ ഭീമമായ പലിശക്ക് കെടിഡിഎഫ്‌സിയിൽ നിന്നും തുക കടം എടുത്ത് കൊടുത്തതുകൊണ്ടുണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ സർക്കാരോ ഇന്നത്തെ കെടിഡിഎഫ്‌സി മാനേജ്‌മെന്‍റോ കെഎസ്ആർടിസി മാനേജ്‌മെന്‍റോ ഇതിന് ഉത്തരവാദിയല്ല.
നഷ്‌ടം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു സ്ഥാപനത്തിന് 16.5% പലിശ നിരക്കിൽ കടം കൊടുക്കുമ്പോൾ ആ സ്ഥാപനത്തിന് തിരിച്ചടവിനുള്ള പാങ്ങുണ്ടോ എന്ന് ആരും തിരക്കിയില്ല. സാധാരണ ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക അതിനേക്കാൾ ഉയർന്ന തുക പലിശ ഇനത്തിൽ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് കെടിഡിഎഫ്‌സിയിലേക്ക് നിക്ഷേപമായി സ്വീകരിച്ചു. ഇത് അതിനേക്കാൾ ഉയർന്ന പലിശക്ക് നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസിക്ക് 16.5 ശതമാനം പലിശക്കു കൊടുക്കുകയും കെഎസ്ആർടിസി അത് ഉപയോഗിച്ച് 20 ശതമാനമോ 16.5 ശതമാനമോ പലിശയിൽ കൂടുതൽ ഉണ്ടാക്കി തിരിച്ചടയ്ക്കുന്നത് പ്രായോഗികമല്ലെന്ന സാഹചര്യം നിലനിൽക്കെ ദൈനംദിന ചെലവ് എങ്ങനെയെങ്കിലും നടക്കട്ടെ എന്ന് ചിന്തിച്ചതിന്‍റെ പ്രതിസന്ധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.