തിരുവനന്തപുരം :ഇസ്രായേല്‍ സന്ദര്‍ശനത്തിന് പോയി കര്‍ഷക സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യന്‍ എവിടെയാണെന്ന് അറിയില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജുവിന്‍റെ വിസ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇയാള്‍ ഇസ്രായേലില്‍ നിന്നും മുങ്ങിയത് ബോധപൂര്‍വമാണ്. എന്നാല്‍ ഇയാളെ കണ്ടെത്തി തിരികെ നാട്ടില്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
ഇസ്രായേലുമായുള്ള ബന്ധത്തിന് തടസം സൃഷ്‌ടിക്കാതെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ബിജു വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരന്‍ തന്നെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ക്ഷമാപണവും നടത്തിയിരുന്നു. അയാള്‍ മനപ്പൂര്‍വമാണ് സംഘത്തില്‍ നിന്നും മുങ്ങിയത്. അല്ലെങ്കില്‍ തന്നെ അന്വേഷിക്കേണ്ടെന്ന് വീട്ടില്‍ വിളിച്ച് പറയുകയില്ല.
എംബസിക്ക് ബിജുവിന്‍റെ വിസ റദ്ദാക്കാന്‍ നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. ഒരാള്‍ മുങ്ങിയതിന്‍റെ പേരില്‍ വിദേശ സന്ദര്‍ശന പരിപാടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. കര്‍കരോടൊപ്പം സമയം ലഭിക്കുമെങ്കില്‍ അടുത്ത വിദേശ സന്ദര്‍ശനത്തില്‍ പങ്കെടുക്കും. നിലവില്‍ ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല.
26 കര്‍ഷകരുമായി നടത്തിയ വിദേശ സന്ദര്‍ശനത്തില്‍ ലഭിച്ച അറിവുകള്‍ സംസ്ഥാനത്തെ കര്‍ഷകരിലേക്ക് എത്തിക്കും. ഇതിനായി ഉദ്യോഗസ്ഥരും കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്‌ധരുമായി ചര്‍ച്ച നടത്തും. എല്ലാ കര്‍ഷകരിലേക്കും ഈ വിവരങ്ങള്‍ എങ്ങനെ എത്തിക്കാം എന്ന് ഈ ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
READ MORE:ബിജു കുര്യന്‍റെ വിസ റദ്ദാക്കും; ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനൊരുങ്ങി സര്‍ക്കാര്‍
ഫെബ്രുവരി 12 നാണ്, ഇസ്രായേലിലെ ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകും ഇസ്രായേല്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. എന്നാൽ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്‌ചയോടെ കാണാതാവുകയായിരുന്നു.
ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷം ഇയാള്‍ തിരികെ എത്തിയില്ലെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുമായി ബിജുവിനെ കാണാതായത് അന്ന് തന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ ഇയാള്‍ നാട്ടിലെ വീട്ടിലേക്ക് വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു.
READ MORE:'അന്വേഷിക്കണ്ട, സുരക്ഷിതനാണ്' എന്ന് ബിജു; ഇസ്രായേലിൽ കാണാതായ കർഷകനെ കണ്ടെത്താനാകാതെ സംഘം നാട്ടിലേക്ക്
ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് അവിടെ വച്ചുതന്നെ കര്‍ഷകരുടെ സംഘം ഇസ്രായേല്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. ഇസ്രായേല്‍ പൊലീസും ഇയാളെ തെരഞ്ഞുവരികയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇസ്രായേല്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിന്‍റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
ALSO READ:ഇസ്രയേലിലേക്ക് തീര്‍ത്ഥയാത്ര പോയി, ആറുപേര്‍ മുങ്ങിയതായി പൊലീസ് മേധാവിക്ക് പരാതി
ഇസ്രായേലിലെ ആധുനിക കൃഷി രീതിയെ കുറിച്ചുള്ള സംഘത്തിന്‍റെ 6 ദിവസം നീണ്ടുനിന്ന പഠനത്തില്‍ ബിജു സജീവമായി പങ്കെടുത്തിരുന്നതായാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍ പറയുന്നത്. അതേസമയം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കൊണ്ടല്ല ബജറ്റ് ചര്‍ച്ച നടക്കുന്നതുകൊണ്ടാണ് ഇസ്രായേലിലേക്ക് പോയ കര്‍ഷക സംഘത്തോടൊപ്പം താനുണ്ടാകാതിരുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ പ്രതികരിച്ചിരുന്നു.