വിമാനത്തിലേറി ഇനി ബിനാലെ പറക്കും തിരുവനന്തപുരം:എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ബോയിങ് 737-800 വിമാനത്തിന്‍റെ വാലറ്റത്ത് വരച്ച ചിത്രത്തിലൂടെ ബിനാലെയുടെ പ്രശസ്‌തി ഇനി വിദേശ രാജ്യങ്ങളിലേക്ക്. 25 അടി നീളമുള്ള വിമാനത്തിന്‍റെ വാലറ്റത്ത് കോഴിക്കോട് സ്വദേശിയായ ആര്‍ട്ടിസ്റ്റ് ജി.എസ് സ്‌മിതയാണ് ചിത്രം ഒരുക്കിയത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനത്തിൽ തയ്യാറാക്കിയ കലാസൃഷ്‌ടി ലോകം മുഴുവൻ ബിനാലെയെ പ്രതിനിധീകരിക്കും.
ഇന്നലെ വൈകിട്ട് 5ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ഹാംഗറില്‍ ചിത്രത്തിന്‍റെ അനാച്ഛാദനം നടന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, എയർ ഇന്ത്യ എക്‌സ്‌പ്രസ് സി ഇ ഒ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് കൃഷ്‌ണമാചാരി എന്നിവര്‍ ചേര്‍ന്നാണ് അനാച്ഛാദനം നിര്‍വഹിച്ചത്.
തന്‍റെ ഓർമകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് സ്‌മിത വർണ്ണാഭമായ ദൃശ്യങ്ങൾ വിമാനത്തില്‍ ഒരുക്കിയത്. ചിത്രം വരയ്‌ക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ചിത്രത്തിന് ഇത്രയും വലിയ ജനശ്രദ്ധ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്‌മിത പറഞ്ഞു. ലോകം മുഴുവൻ സംസ്ഥാനത്തിന് പ്രതിനിധീകരിച്ച് പറക്കാൻ പോകുന്ന വിമാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
2022 ഡിസംബറിലായിരുന്നു കൊച്ചി മുസീരീസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ആരംഭിച്ചത്. ബിനാലയുടെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ലോകം മുഴുവൻ സഞ്ചരിക്കുന്ന ഒരു കല സൃഷ്‌ടി പ്രദർശനത്തിന് എത്തുന്നത്. ഇതിന്‍റെ തുടർച്ച എന്നോണം അന്താരാഷ്ട്ര രാജ്യാന്തര സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങളുടെ വാൽ ഭാഗങ്ങളിൽ കലാസൃഷ്‌ടികള്‍ ഇടം നേടും. വ്യവസായവും കലയും ഒന്നിക്കുന്ന അപൂർവ്വ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രാദേശിക തലത്തിന് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്‌ടികൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുക എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് കൃഷ്‌ണാമാചാരി പറഞ്ഞു. മാസങ്ങളോളം നീണ്ട പരിശ്രമത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സാധാരണ കൊച്ചിയിൽ മാത്രമായി നടക്കുന്ന ബിനാലെയിലെ കലാസൃഷ്‌ടികളെ അപേക്ഷിച്ച് ദേശാന്തരങ്ങൾ ഭേദിക്കാൻ ശേഷിയുള്ള കാൻവാസിലാണ് ആർട്ടിസ്റ്റ് സ്‌മിതയുടെ കലാസൃഷ്‌ടി ഒരുങ്ങിയിരിക്കുന്നത്.