ഭാരത് ജോഡോ ചരിത്രത്തിലെ ഏറ്റവും വലിയ അദ്ധ്യായമെന്ന് എ.കെ ആന്‍റണി തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അദ്ധ്യായമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ ആന്‍റണി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഇന്ദിര ഭവനിൽ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്ക് ചുക്കാൻ പിടിച്ചത് കെ.സി വേണുഗോപാലാണെന്നും രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചവർ പപ്പുമാരായെന്നും അദ്ദേഹം പറഞ്ഞു.
യാത്ര കശ്‌മീരിൽ എത്തിയപ്പോൾ ഒരു ആക്രമണവും ഉണ്ടായില്ല. ഭീകരന്മാർ പോലും സ്നേഹത്തിനു മുന്നിൽ നിശബ്‌ദരായി പോയി. രാഹുൽ ഗാന്ധി യാത്ര പൂർത്തിയാക്കില്ല എന്ന് പലരും കരുതിയെന്നും എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് രാഹുൽ യാത്ര പൂർത്തിയാക്കിയെന്നും എ.കെ ആന്‍റണി പറഞ്ഞു.
ഗാന്ധിയുടെ പാതയിൽ സ്നേഹവും ദയയും കരുണയും ജനങ്ങളിൽ എത്തിക്കാനാണ് രാഹുൽ ശ്രമിച്ചത്. യാത്രയുടെ ഒന്നാംഘട്ടമാണ് പൂർത്തിയായതെന്നും മോദി സർക്കാരിനെ തൂത്തെറിയാൻ കഴിയണമെന്ന ലക്ഷ്യംവച്ചാകണം രണ്ടാംഘട്ട യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രയിൽ ഉടനീളം വേണുഗോപാലിന്‍റെ ധീരതയും ത്യാഗസന്നദ്ധയും കാണാമായിരുന്നുവെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഉദിച്ച ആശയമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന കാലത്ത് ജനങ്ങളെ ഒപ്പം നിർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ദീർഘമായ യാത്രയ്ക്ക് രാഹുൽ ഗാന്ധി തയ്യാറായതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 19 പേരെയും ചടങ്ങില്‍ ആദരിച്ചു.