തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനനുകൂലമായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ ഡബ്ബിങ് ആര്‍ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്‌മി. ജയില്‍ മേധാവിയിരുന്ന ഒരു ഉദ്യോഗസ്ഥ വിരമിച്ച് ഇത്രയും നാള്‍ നിശബ്ദയായിരുന്ന ശേഷം ഇത്തരം ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു.
അവര്‍ സര്‍വീസിലിരുന്നപ്പോള്‍ ഉണ്ടായ കേസില്‍, വിരമിച്ച ശേഷം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത് നിരുത്തരവാദപരമാണ്. ശ്രീലേഖ ഐപിഎസിന് മറ്റെന്തോ ഉദ്ദേശമുണ്ടെന്നാണ് സംശയിക്കുന്നതെന്നും ചില ആരോപണങ്ങള്‍ വഴി അത് നടത്തിയെടുക്കുന്നതുപോലെയാണ് തോന്നുന്നതെന്നും ഭാഗ്യലക്ഷ്‌മി ആരോപിച്ചു. ശ്രീലേഖ ഐപിഎസിനെ വ്യക്തിപരമായി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ഒരു മാധ്യമം വഴിയാണ്. അയാള്‍ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചിട്ടുണ്ട്. ശ്രീലേഖ ഐപിഎസ് ഇതൊന്നും ചെയ്തില്ല. സത്യങ്ങള്‍ അറിയാമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ഒരു കത്തയയ്ക്കാമായിരുന്നു. ഈ കേസിലെ കളളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാമായിരുന്നു.