തിരുവനന്തപുരം:ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ള മദ്യത്തിൻ്റെ വില ബിവറേജസ് കോര്‍പ്പറേഷന്‍ വര്‍ധിപ്പിച്ചു. ഈ നില തുടര്‍ന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കടുത്ത നഷ്‌ടത്തിലേക്ക് പോകുമെന്നും നഷ്‌ടം നികത്താന്‍ അടിയന്തര നടപടി വേണമെന്നും കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്‌ത സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ബാറുകളിലൂടെയുള്ള മദ്യ വില്‍പന
ഇനി മുതല്‍ ബാറുകള്‍ക്ക് 25 ശതമാനവും കണ്‍സ്യൂമര്‍ഫെഡിന് 20 ശതമാനവും വില വ്യത്യാസത്തിലാണ് ബിവറേജസ് മദ്യം നല്‍കുക. നേരത്തേ ഏകദേശം 50 ശതമാനം വരെ വില വ്യത്യാസത്തിലാണ് ബിവറേജസ് ഇവര്‍ക്ക് മദ്യം നല്‍കിയിരുന്നത്. മൊത്തം വില്‍പനയുടെ 12 ശതമാനം മാത്രമാണ് ബാറുകളിലൂടെയുള്ള മദ്യ വില്‍പന.
നഷ്‌ടം നികത്താൻ വില വർധന
എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ബാറുകളിലൂടെ ബിറേജസിൻ്റെ അതേ വിലക്ക് മദ്യം നല്‍കിയപ്പോള്‍ ബാറുകളിലൂടെയുള്ള മദ്യവില്‍പന ഗണ്യമായി വര്‍ധിച്ചു. ആസമയത്ത് ബാറുകള്‍ക്ക് കുറഞ്ഞ വിലയില്‍ മദ്യം വില്‍ക്കേണ്ടി വന്നത് ബിവറേജസ് കോര്‍പ്പറേഷൻ്റെ നഷ്‌ടം വര്‍ധിക്കാനിടയാക്കി. ഈ നഷ്‌ടം നികത്തുന്നതിനാണ് മദ്യത്തിൻ്റെ വില കൂട്ടാന്‍ ബിവറേജസിനെ നിര്‍ബന്ധിതമാക്കിയത്.
Read more: 'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി
അതേസമയം ബിവറേജസിലൂടെ ഇപ്പോള്‍ പാഴ്‌സലായി നല്‍കുന്ന മദ്യത്തിൻ്റെ വില വര്‍ധിപ്പിക്കാനാകില്ല. ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്ന സാഹചര്യമൊരുങ്ങുമ്പോള്‍ പെഗിന് വില കൂട്ടി ബാറുകള്‍ക്ക് വില്‍ക്കാമെന്നാണ് വിശദീകരണം.