തിരുവനന്തപുരം :എക്സൈസ് മന്ത്രിയെയോ ബെവ്‌റേജസ് (Beverages) എംഡിയെയോ സ്വാധീനിച്ച് ഔട്ട് ലെറ്റുകളിൽ കൂടുതൽ മദ്യമെത്തിച്ച് ലാഭം കൊയ്യാമെന്ന മദ്യ മുതലാളിമാരുടെ ദുരുദ്ദേശം ഇനി ബെവ്കോയിൽ (Bevco) നടക്കില്ല. മദ്യം വാങ്ങലിൻ്റെ മാനദണ്ഡം ഔട്ട് ലെറ്റുകളിലെ ഓരോ ബ്രാൻഡ് മദ്യത്തിൻ്റെയും വിൽപ്പനയെ അടിസ്ഥാനപ്പെടുത്തി മാത്രമാക്കാൻ ബെവ്കോ തീരുമാനിച്ചു. അതായത് ഏത് മദ്യം ഏതളവിൽ വാങ്ങണമെന്ന് ഇനി ബെവ്കോ ഉപഭോക്താക്കളായിരിക്കും തീരുമാനിക്കുക. Bevco purchase will be decided by consumers new system introduced.
ഇതനുസരിച്ചുള്ള വാങ്ങൽ സമ്പ്രദായം അഥവാ പർച്ചേസ് സിസ്റ്റത്തിന് ബെവ്‌റേജസ് കോർപ്പറേഷൻ രൂപം നൽകി. ഓരോ മദ്യ ബ്രാൻഡിൻ്റെയും മൂന്ന് മാസത്തെ ശരാശരി വിൽപ്പന കണക്കാക്കിയ ശേഷം അതിനെ 1.5 കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയായിരിക്കും ഓരോ കമ്പനിയുടെയും നിശ്ചിത സമയത്തുള്ള ഓർഡർ വിഹിതം.
ഇത് തീരുമാനിക്കുന്നതിൽ പോലും ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാകാതിരിക്കാൻ മുഴുവൻ മദ്യ വിതരണക്കാരെയും ഉൾപ്പെടുത്തിയുള്ള ഒരു ഓൺലൈൻ പോർട്ടൽ ബെവ്കോ സജ്ജമാക്കി. ഇതിലൂടെ ഓരോ വിതരണക്കാർക്കും ചില്ലറ വിൽപ്പന ശാലകളിലൂടെയും വെയർ ഹൗസുകളിലൂടെയും വിറ്റഴിക്കുന്ന തങ്ങളുടെ ബ്രാൻഡിൻ്റെ അളവ് തൽസമയം നേരിട്ടു മനസിലാക്കാൻ സാധിക്കും.
മാത്രമല്ല, അടുത്ത വിതരണത്തിനുള്ള അളവ് മനസിലാക്കി ഉത്പാദനം ക്രമീകരിക്കുകയോ വർധിപ്പിക്കുകയോ ചെയ്യാനും ഇതിലൂടെ സാധിക്കും. മദ്യം വാങ്ങലിന് ഇത്രയും സുതാര്യ സമീപനം ബെവ്കോയുടെ ചരിത്രത്തിൽ ആദ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല മുൻകൂട്ടി മദ്യവിതരണത്തിൻ്റെ കണക്ക് തിട്ടപ്പെടുത്താൻ ഉത്പാദകർക്ക് തന്നെ സാധിക്കുന്നതിനാൽ ദൗർലഭ്യമില്ലാതെ മദ്യ ബ്രാൻഡുകൾ കൃത്യമായ ഇടവേളകളിൽ ഔട്ട് ലെറ്റുകളിൽ എത്തിക്കാനും സാധിക്കും.
തങ്ങൾക്ക് ആവശ്യമുള്ള ബ്രാൻഡുകൾ കിട്ടാനില്ലെന്ന ഉപഭോക്താക്കളുടെ പരാതിക്ക് കൂടിയാണ് ഇത് പരിഹാരമാകുന്നത്. വില കൂടിയ ചില പ്രത്യേക ബ്രാൻഡുകളുടെ വിൽപ്പന വർധിപ്പിക്കാൻ ബെവ്കോ ജീവനക്കാർ മുൻകൈ എടുക്കണമെന്ന് മുൻപ് ചില സിഎംഡിമാർ നിർദേശം നൽകിയത് വൻ വിവാദത്തിനും ആക്ഷേപത്തിനും വഴിവച്ചിരുന്നു. എന്നാൽ ഇക്കാര്യം പാടേ ഉപേക്ഷിച്ച് പർച്ചേസ് സിസ്റ്റത്തിന് സുതാര്യ സമ്പ്രദായം കൊണ്ടുവരാൻ ഇപ്പോഴത്തെ എംഡി യോഗേഷ് ഗുപ്‌ത (Yogesh Guptha) തീരുമാനിച്ചതോടെയാണ് വാങ്ങലിൻ്റെ മാനദണ്ഡം ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചാക്കിയത്.